അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ നടത്തിപ്പിനെതിരെ വ്യാപക പ്രതിഷേധം

By Web TeamFirst Published Jul 17, 2022, 8:40 PM IST
Highlights

ഒടിടിയിലോ തീയേറ്ററുകളിലോ റിലീസ് ചെയ്യാത്ത പുതിയ സിനിമകളാണ് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയതെന്നാണ് ചലച്ചിത്ര അക്കാഡമിയുടെ വിശദീകരണം.

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ നടത്തിപ്പിനെതിരെ വ്യാപക പ്രതിഷേധം. യുവ സംവിധായിക കുഞ്ഞില മാസിലമണിയുടെ സിനിമ ഒഴിവാക്കിയതിലും അവരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് വിധു വിൻസെന്‍റ് തന്‍റെ ചിത്രം പിൻവലിച്ചു. അക്കാഡമി ചെയർമാനെതിരെ രൂക്ഷ വിമർശനവുമായി എഐവൈെഎഫ് സംസ്ഥാന പ്രസിഡന്‍റും അക്കാഡമി അംഗവുമായ എൻ. അരുൺ മുഖ്യമന്ത്രിക്ക് കത്തയച്ചു. അതേസമയം, കുഞ്ഞിലയുടെ സിനിമ ബോധപൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നാണ് അക്കാഡമിയുടെ വിശദീകരണം.

നാടകീയ രംഗങ്ങളാണ് വനിത ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ ഇന്നലെ നടന്നത്. അസംഘടിതർ എന്ന തന്‍റെ സിനിമ മേളയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച്, സംവിധായിക കുഞ്ഞില മാസിലമണിയുടെ പ്രതിഷേധവും, പിന്നാലെ അറസ്റ്റും. കുഞ്ഞിലയ്ക്ക് ഐക്യദാർഢ്യവുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിക്കാനിരുന്ന വൈറൽ സെബി എന്ന തന്‍റെ ചിത്രം വിധു വിൻസെന്‍റ് പിൻവലിച്ചു. ഇതടക്കം നാല് സിനിമകളാണ് മലയാള സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

അതേസമയം, ഒടിടിയിലോ തീയേറ്ററുകളിലോ റിലീസ് ചെയ്യാത്ത പുതിയ സിനിമകളാണ് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയതെന്നാണ് ചലച്ചിത്ര അക്കാഡമിയുടെ വിശദീകരണം. എന്നാൽ അക്കാഡമി ഇങ്ങനെ വിശദീകരിക്കുമ്പോഴും, തമിഴ് സിനിമ വിഭാഗത്തിലടക്കം ഒടിടിയിൽ റിലീസ് ചെയ്ത ചിത്രങ്ങൾ, മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ഇതിനിടെ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രജ്ഞിത്തിന് എതിരെ ഗുരുതര ആരോപണവുമായി എഐവൈെഎഫ് സംസ്ഥാന പ്രസിഡന്‍റും അക്കാഡമി അംഗവുമായി എൻ. അരുൺ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ചലച്ചിത്ര മേളകളുടെ നടത്തിപ്പ് അടക്കം ഒരു കാര്യത്തിലും കൂടിയാലോചനയില്ല. അംഗങ്ങൾ അറിയാതെ ഏകപക്ഷീയ തീരുമാനങ്ങൾ രഞ്ജിത് നടപ്പാക്കുന്നുവെന്നും അരുൺ പറയുന്നു.

click me!