മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം; തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ പരാതി

Published : Jul 06, 2022, 12:25 PM ISTUpdated : Jul 06, 2022, 12:51 PM IST
മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം; തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ പരാതി

Synopsis

എറണാകുളം സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് പരാതി നൽകിയത്. ഇന്നലെ ഇയാൾ പത്തനംതിട്ട എസ്പിക്ക് നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

പത്തനംതിട്ട: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ പരാതി. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് പരാതി നൽകിയത്. ഇന്നലെ ഇയാൾ പത്തനംതിട്ട എസ്പിക്ക് നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി വെള്ളിയാഴ്ച പരിഗണിക്കും.

അതേസമയം, സംഭവത്തിൽ ഉന്നത തല നിര്‍ദേശമില്ലാതെ പൊലീസ് അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം. മന്ത്രിയുടെ പ്രസംഗം പരിശോധിച്ച ശേഷം നിയമോപദേശം തേടുന്നതിനെ പറ്റിയാണ് പൊലീസ് ആലോചിക്കുന്നത്. നിലവില്‍, ഭരണഘടനാ അവഹേളന പ്രസംഗത്തിൽ മന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കിട്ടിയ പരാതികൾ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. പരാതികളിൽ എന്ത് തുടർ നടപടി വേണം എന്നത് പൊലീസ് തീരുമാനിച്ചിട്ടില്ല. അതിനിടെ, മന്ത്രി സജി ചെറിയാന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയാണ്.

Also Read: 'പ്രസംഗം സദുദ്ദേശപരം, തെറ്റില്ല, സജി ചെറിയാൻ കൂറ് പുല‍ര്‍ത്തുന്ന മന്ത്രി'; ന്യായീകരിച്ച് എൽഡിഎഫ് കൺവീന‍ര്‍ 

എന്നാല്‍, സജി ചെറിയാൻ തല്ക്കാലം രാജി വയ്‍ക്കേണ്ടെന്നാണ് സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ. കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാനും ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. എകെജി സെന്ററിൽ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി എൻ വാസവന് ഒപ്പമാണ് സജി ചെറിയാൻ എത്തിയത്. 

സംഭവിച്ചത് നാക്ക്പിഴയെന്ന് വിശദീകരണം

സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചു. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കി. ഭരണഘടനയ‍്‍ക്കെതിരായ ചെറിയാന്‍റെ പ്രസംഗം വിവാദമായതോടെ പരുങ്ങലിലായ സർക്കാർ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാക്ക് പിഴയാകാമെന്നും രാജി വേണ്ടെന്നും ആയിരുന്നു സിപിഎം നിലപാട്. പിന്നീട് പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ തന്നെ രംഗത്തെത്തി. നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ പറഞ്ഞത് തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമർശിച്ചത്. ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം