സജി ചെറിയാൻ രാജി വയ്ക്കില്ല,തൽക്കാലം രാജി വേണ്ടെന്ന് പാർട്ടിയിൽ ധാരണ

By Web TeamFirst Published Jul 6, 2022, 12:13 PM IST
Highlights

നാക്കുപിഴയെന്ന വിശദീകരണം സിപിഎം സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചു, വിമ‍ർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെ എന്നും സജി ചെറിയാൻ

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജി വക്കില്ല. മന്ത്രി തൽക്കാലം രാജി വയ‍്‍ക്കേണ്ടതില്ലെന്ന് സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാനും ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. എകെജി സെന്ററിൽ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി.എൻ.വാസവന് ഒപ്പമാണ് സജി ചെറിയാൻ എത്തിയത്. യോഗം തുടങ്ങുമ്പോൾ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം. 

സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചു.വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കി. 

ഭരണഘടനയ‍്‍ക്കെതിരായ ചെറിയാന്‍റെ പ്രസംഗം വിവാദമായതോടെ പരുങ്ങലിലായ സർക്കാർ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാക്ക് പിഴയാകാമെന്നും രാജി വേണ്ടെന്നും ആയിരുന്നു സിപിഎം നിലപാട്. പിന്നീട് പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ തന്നെ രംഗത്തെത്തി. നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ പറഞ്ഞത് തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമർശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.

എന്നാൽ പ്രതിപക്ഷവും നിയമ വിദഗ്‍ധ‍രും അടക്കം സജി ചെറിയാന്‍റെ പ്രസംഗത്തിനെതിരെ രംഗത്തെത്തി. മന്ത്രി രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും കടുത്ത സത്യപ്രതിജ്ഞാ ലംഘനം ആണ് നടന്നതെന്നും ആണ് നിയമ വിദഗ്‍ധർ നിലപാടെടുത്തത്. ഗവർണറും വിഷയത്തിൽ ഇടപെട്ടു.

click me!