
കണ്ണൂർ: കണ്ണൂർ മാങ്ങാട്ടിടത്ത് റോഡ് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച് വീട്ടുമതിലും ഗേറ്റും അർധരാത്രി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. കമ്പികൊണ്ട് വാതിൽ പൂട്ടിയിട്ട ശേഷം വീട്ടുകാരെ ബന്ദികളാക്കി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചെന്നാണ് ആരോപണം. കൂളിക്കടവിലെ ഹാജിറയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുളള റോഡരികിലാണ് ഹാജിറയുടെ വീട്. ഇവിടെ റോഡ് നവീകരണം നടക്കുന്നുണ്ട്. ഇതിന് സ്ഥലം വിട്ടുനൽകിയില്ലെന്നാരോപിച്ചായിരുന്നു അക്രമെന്നാണ് പരാതി. ചൊവ്വാഴ്ച അർധരാത്രി മണ്ണുമാന്തി യന്ത്രത്തിന്‍റെ ശബ്ദം കേട്ടാണ് ഉണർന്നത്. എന്നാൽ പുറത്തേക്കിറങ്ങാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. വീട്ടിലെ മൂന്ന് ഗ്രിൽസ് കമ്പി കഷ്ണം കൊണ്ട് പൂട്ടിയിട്ടിരുന്നു. കിണറിന് മുകളിലുളള ഗ്രിൽസ് വരെ അഴിച്ചുമാറ്റി പുറത്തേക്കുളള വഴിയെല്ലാം അടച്ചു. മതിലും ഗേറ്റും പൂർണമായും തകർത്ത നിലയിലായിരുന്നു. റോഡ് വീതി കൂട്ടാൻ നേരത്തെ സ്ഥലം വിട്ടുനൽകിയതാണെന്നും കൂടുതൽ നൽകാനാകില്ലെന്നും ഹാജിറ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പേരിൽ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് ഇവർ പരാതിപ്പെടുന്നു.
തിരിച്ചറിയാത്ത ആളുകൾക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. അതേസമയം, റോഡ് വിഷയം പാർട്ടി ഇടപെട്ട് ഹാജിറയുമായി സംസാരിച്ചിരുന്നുവെന്ന് സിപിഎം സമ്മതിക്കുന്നുണ്ട്. എന്നാൽ അക്രമത്തിൽ പങ്കില്ലെന്നാണ് പാർട്ടി വിശദീകരണം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam