
കൊല്ലം: കുമ്മിളിൽ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം പരിപാടിക്ക് നിർബന്ധിച്ച് കൊണ്ടുപോയതായി പരാതി. പരിപാടിക്ക് വരാത്തവർക്ക് ഇനി തൊഴിൽ നൽകില്ലെന്ന് മേൽനോട്ടക്കാരി ഭീഷണിപ്പെടുത്തിയതായും തൊഴിലാളികൾ പറയുന്നു. കുമ്മിൾ ഗ്രാമപഞ്ചായത്തിലെ ആനപ്പാറ വാർഡിൽ തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവരാണ് മേൽനോട്ടക്കാരിയായ ശാലിനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സിപിഎം കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥക്കുള്ള സ്വീകരണ പരിപാടിയിൽ തൊഴിലാളികൾ പങ്കെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാതിരുന്നവർക്ക് ഇനി ജോലി നൽകില്ലെന്ന് ശാലിനി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മുപ്പത് പേരിൽ പതിമൂന്ന് പേരെ ഇവർ പരിപാടിക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു.
തൊഴിലാളികളെ അണിനിരത്തി രാവിലെയും ഉച്ചയ്ക്കും ഫോട്ടോ എടുത്ത് തൊഴിലുറപ്പ് സൈറ്റിൽ അപ്പ്ലോഡ് ചെയ്യണമെന്നാണ് ചട്ടം. എന്നാൽ കുറച്ചു പേരെ പരിപാടിക്ക് കൊണ്ടുപോയതിനാൽ കഴിഞ്ഞ ദിവസം ശാലിനി ഇത് ചെയ്തില്ല. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. തൊഴിലാളികളുടെ പരാതി പരിശോധിക്കുമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ജോലിക്ക് എത്താതെ പാർട്ടി പരിപാടിക്ക് പോയവർക്ക് വേതനം നൽകില്ലെന്നും ബിപിഒ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam