തടവുകാർക്ക് നിർബന്ധിത വൈദ്യപരിശോധന: ആരോഗ്യവകുപ്പിൻ്റെ ഉത്തരവിനെതിരെ പൊലീസ് സംഘടനകൾ

By Web TeamFirst Published Jun 14, 2021, 10:04 AM IST
Highlights

സർക്കുലറിൽ പറയുന്ന പരിശോധനകൾ പല സർക്കാർ ആശുപത്രികളിലുമില്ലെന്നും സ്വകാര്യ ലാബുകളിൽ പ്രതികളെ കൊണ്ടു പോയി പരിശോധിക്കാനുള്ള പണമില്ലെന്നും പൊലിസുകാർ ചൂണ്ടിക്കാട്ടുന്നു. 

തിരുവനന്തപുരം: തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായ വൈദ്യപരിശോധന നടത്തണമെന്ന ആരോ​ഗ്യവകുപ്പിൻ്റെ സർക്കുലറിനെതിരെ പൊലീസ് സംഘടനകൾ രം​ഗത്ത്. സ‍ർക്കുലർ നടപ്പാക്കുന്നത് പ്രായോ​ഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംഘടനകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. 

സർക്കുലറിൽ പറയുന്ന പരിശോധനകൾ പല സർക്കാർ ആശുപത്രികളിലുമില്ലെന്നും സ്വകാര്യ ലാബുകളിൽ പ്രതികളെ കൊണ്ടു പോയി പരിശോധിക്കാനുള്ള പണമില്ലെന്നും പൊലിസുകാർ ചൂണ്ടിക്കാട്ടുന്നു. ആരോ​ഗ്യവകുപ്പിൻ്റെ സ‍ർക്കുലറിനെതിരെ ജില്ലാ പൊലീസ് മേധാവിമാരും രം​ഗത്ത് എത്തിയിട്ടുണ്ട്. സ‍ർക്കുല‍ർ വന്നതോടെ കീഴുദ്യോ​ഗസ്ഥ‍ർ അറസ്റ്റ് നടപടികൾക്ക് മടിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിമാർ പറയുന്നു. 

തടവുകാരെ  ജയിലില്‍ പ്രവേശിക്കുന്നതിന് മുമ്പ്  ആന്തരിക പരിക്കുകൾ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ്  നടപ്പാക്കുന്നതിൽ വലിയ ആശയക്കുഴപ്പമാണ് പൊലീസ് സേനയിൽ നിലനിൽക്കുന്നത്. പല സർക്കാർ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്ന് കാണിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിങ് ആഭ്യന്തര വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.

പീരുമേട്  കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തടവുകാരുടെ ജയില്‍ പ്രവേശനം സംബന്ധിച്ച് സുപ്രധാന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിത്. പോലീസ് കസ്റ്റഡിയിൽ നിന്നും കൊണ്ടുവരുന്ന പ്രതികളെ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ്, വൃക്ക പരിശോധന, അൾട്രാസൗണ്ട് സ്കാൻ അടക്കം 5 പരിശോധനകൾ നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് കത്ത് നല്‍കുകയും ചെയ്തു.

എന്നാല്‍ ഉത്തരവില്‍ നിര്‍ദ്ദശിക്കുന്ന പരിശോധനകളെല്ലാം നടത്താന്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും സൗകര്യമില്ലെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് ആഭ്യന്തര വകുപ്പിന് നല്‍കിയ കത്തില്‍ പറയുന്നു. വയനാട്, ഇടുക്കി,മലപ്പുറം, കാസര്‍കോര്ട്, ജില്ലകളിലെ ജയിലുകളെയാണ് ഇത് കൂടുതലായി ബധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍  അവ്യക്തതയും അപ്രായോഗികതയും പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഋഷിരാജ് സിംഗിൻ്റെ കത്തില്‍ ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് നടപ്പാക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസും രംഗത്തെത്തി. 

പല പരിശേോധകള്‍ക്കും  ഒന്നിലധികം ദിവസം വേണമെന്നും,ഇത് പ്രതികളെ അനധികൃതമായി പോലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നതിന് വഴി വച്ചേക്കുമെന്നും ആക്ഷേപമുണ്ട്. താലൂക്ക് ആശുപത്രികളില്‍ ചെയ്യാന്‍ കഴിയുന്ന പരിശോധനകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് ഉത്തരവില്‍ ഭേദഗതി വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. ഉത്തരവിനെതിരെ പൊലീസ് സേനയിൽ നിന്നും വലിയ എതി‍ർപ്പ് ഉയ‍ർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.

click me!