പൊതുയോഗം തുടങ്ങാൻ വൈകി, ഉദ്ഘാടനം നടത്താതെ മുഖ്യമന്ത്രി മടങ്ങി

By Web TeamFirst Published Jan 20, 2020, 11:16 PM IST
Highlights

പുത്തരിക്കണ്ടത്തെ നായനാർ പാർക്കിൽ വൈകുന്നേരം 5.20 ഓടെയാണ് സംഭവം. അഞ്ച് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തിലേക്ക് 20 മിനിറ്റ് വൈകിയാണ് മുഖ്യമന്ത്രി എത്തിയത്

തിരുവനന്തപുരം: സമയത്ത് പൊതുയോഗം തുടങ്ങാത്തതിനാൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി. സിപിഎം അനുഭാവമുള്ള വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.

പുത്തരിക്കണ്ടത്തെ നായനാർ പാർക്കിൽ വൈകുന്നേരം 5.20 ഓടെയാണ് സംഭവം. അഞ്ച് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തിലേക്ക് 20 മിനിറ്റ് വൈകിയാണ് മുഖ്യമന്ത്രി എത്തിയത്. എന്നാൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. നായനാർ പാർക്കിലെ ഒഴിഞ്ഞ കസേരകൾക്ക് മുമ്പാകെ പിണറായി എത്തിയാലുള്ള അപകടം മുന്നിൽക്കണ്ട് പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ കാര്യം അറിയിച്ചു. വന്നപാടെ വണ്ടി തിരിച്ച് മുഖ്യമന്ത്രി മടങ്ങി.

വ്യാപാരി വ്യവസായി സമിതിയുടെ ചില നേതാക്കൾ മുഖ്യമന്ത്രിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്താൻ പോലും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടാക്കിയില്ല.  മുഖ്യമന്ത്രിയെ തിരിച്ചെത്തക്കാൻ സംഘടാകർ തുടർച്ചയായി ഫോണ്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രവർത്തകരെ പിടിച്ചിരുത്താൻ  ഗാനമേള തുടങ്ങി, പിന്നാലെ നേതാക്കളുടെ പ്രസംഗവും കഴിഞ്ഞു. എന്നാൽ മുഖ്യമന്ത്രി മാത്രം വന്നില്ല. സമയക്രമം പാലിക്കാത്തതിലെ പിണറായി കോപം നേരിട്ടറിഞ്ഞ വ്യാപാരി സഖാക്കൾ പുത്തരിക്കണ്ടത്ത് ശരിക്കും വെള്ളംകുടിച്ചു.

click me!