ലൗ ജിഹാദ് സർക്കുലർ: നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് സിറോ മലബാർ സഭ

By Web TeamFirst Published Jan 20, 2020, 10:47 PM IST
Highlights

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് കത്തയച്ചതായി സർക്കുലറിൽ പറയുന്നു. സിറോ മലബാർ സഭ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുവെന്നത് അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് സഭയുടെ വിലയിരുത്തൽ

കൊച്ചി: സിനഡ് പുറത്തിറക്കിയ ലൗ ജിഹാദ് സർക്കുലറിൽ വിശദീകരണവുമായി സിറോ മലബാർ സഭ. പൗരത്വ ഭേദഗതി നിയമത്തിലെ   നിലപാടിനെ സംഘപറിവരുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് സഭ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ലൗ ജിഹാദിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത് മുസ്ലിം സമുദായത്തിന് എതിരാണെന്ന് വ്യാഖ്യാനിക്കുന്നതും ശരിയല്ലെന്ന് സഭ പറഞ്ഞു,

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് കത്തയച്ചതായി സർക്കുലറിൽ പറയുന്നു. നിയമവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുക, ഭരണഘടന വികലമാക്കാതെ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക, മതേതരത്വം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ കത്തിൽ മുന്നോട്ട് വച്ചതായി സഭ വിശദീകരിച്ചു. സർക്കാർ നിയമത്തെ എതിർക്കാൻ അക്രമം നടത്തുന്നതും ജനകീയ സമരങ്ങളെ അടിച്ചമർത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നതും അധാർമികമാണെന്ന് സഭ പറഞ്ഞു. 

വ്യക്തമായ നിലപാടെടുത്തിട്ടും സിറോ മലബാർ സഭ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുവെന്നത് അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് സഭയുടെ മീഡിയ കമ്മിഷന്റെ വിലയിരുത്തൽ. ഫാ വർഗ്ഗീസ് വള്ളിക്കാട്ട് ഫെയ്സ്ബുക്കിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് എഴുതിയ കുറിപ്പിന്റെ ഒരു ഭാഗം, അദ്ദേഹത്തിന്റെ സമ്മതം ഇല്ലാതെ ജന്മഭൂമി ദിനപ്പത്രം പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് സഭ പറഞ്ഞു. ആ ലേഖനത്തിലെ ആശയങ്ങളും സഭയുമായി ബന്ധമില്ല.

ഫാ വർഗ്ഗീസ് വള്ളിക്കാടിന്റെ അഭിപ്രായങ്ങളെയും സഭാ സിനഡിന്റെ ലൗ ജിഹാദ് നിലപാടിനെയും കൂട്ടിയോജിപ്പിച്ച് മുസ്ലിം സമുദായത്തിന് എതിരാണ് സഭയെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവിധ രൂപതകളിലെ ഇടവകകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലൗ ജിഹാദിനെതിരായ നിലപാട് സിനഡ് സ്വീകരിച്ചത്. എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവർത്തന ശൈലിയും കാഴ്ചപ്പാടുമാണ് സഭയുടേതെന്നും ഫാ ആന്റണി തലച്ചെല്ലൂർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

click me!