നിയമസഭ കയ്യാങ്കളി കേസ്: വിചാരണ കോടതി ഉത്തരവിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ

By Web TeamFirst Published Oct 30, 2020, 2:26 PM IST
Highlights

സർക്കാർ നൽകിയ റിവിഷൻ ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ് ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടു. 

കൊച്ചി: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ നൽകിയ റിവിഷൻ ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ് ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടു. കേസ് പിൻവലിക്കുന്നതിൽ പൊതുതാല്പര്യമില്ല. പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ ആകില്ലെന്ന് ഹൈക്കോടതിയുടെ മുൻകാല വിധിയുണ്ടെന്നും ഹർജിയില്‍ പറയുന്നു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. 

കേസിൽ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. 35,000 രൂപ വീതം കെട്ടിവച്ചാണ് ജാമ്യം അനുവദിച്ചത്. ആറ് ഇടത് നേതാക്കളാണ് കേസിലെ പ്രതികൾ. എല്ലാ പ്രതികളും വിടുതൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് നാല് പ്രതികൾ നേരത്തെ കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു. 

2015 ലാണ് ബാർ കോഴ വിവാദത്തിൽപെട്ട കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട അസാധാരണ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇടത് നേതാക്കൾക്കെതിരായ കേസ്. പൊതുമുതൽ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു.

click me!