ഷാഫിക്ക് മർദ്ദനം: ആഞ്ഞടിച്ച് പ്രതിപക്ഷം, പ്രക്ഷുബ്ധമായി നിയമസഭ, ഡയസിൽ കയറിയും പ്രതിഷേധം; സഭാ മര്യാദകള്‍ ലംഘിച്ചെന്ന് സ്പീക്ക‍ർ

By Web TeamFirst Published Nov 20, 2019, 12:32 PM IST
Highlights

 കെഎസ്‍യു മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ വി ടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭ ഇന്ന് പ്രക്ഷുബ്ധമായി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം നിയമസഭയെ ഇളക്കിമറിക്കുകയായിരുന്നു. കെഎസ്‍യു മാര്‍ച്ചില്‍ എംഎല്‍എയെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്ന പ്രതിപക്ഷ നേതാവ് രൂക്ഷ പ്രതികരണമാണ് നിയമസഭാ നടപടികള്‍ ആരംഭിച്ചത് മുതല്‍ നടത്തിയത്. കെഎസ്‍യു മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ വി ടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. അഞ്ച് എംഎല്‍എമാര്‍ സ്‍പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ സഭ നിര്‍ത്തിവെക്കുകയും സ്‍പീക്കര്‍ ഇറങ്ങിപ്പോവുകയുമായിരുന്നു.

തുടര്‍ന്ന് സഭ വീണ്ടും ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. എംഎൽഎ മാർ ഡയസിൽ കയറിയത് നിർഭാഗ്യകരമെന്ന് പറഞ്ഞ സ്‍പീക്കര്‍ ഇത് പരിശോധിക്കുമെന്ന് അറിയിച്ചു. ഇത് സഭാ മര്യാദകളുടെ ലംഘനമാണെന്നും സ്‍പീക്കര്‍ വിശദീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ചെന്നിത്തലയുടെ ആവശ്യത്തിന് പിന്നാലെ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. ശിക്ഷിച്ചതിന് ശേഷം അന്വേഷണം ശരിയായ രീതിയല്ലെന്നും അദ്ദേഹം സഭയില്‍ വിശദീകരിച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിയുകയായിരുന്നു. 

പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷാഫി പറമ്പിലിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന്  പകരം നന്ദാവനം ക്യാമ്പിലേക്കാണ് പൊലീസ് കൊണ്ടുപോയതെന്ന് വി ടി ബല്‍റാം എംഎല്‍എ ആരോപിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഇന്നലെയുണ്ടായതെന്ന് പറഞ്ഞ  ഇ പി ജയരാജന്‍ പൊലീസ് നിയമപരമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നെന്ന് വിശദീകരിച്ചു. കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രകടനം അക്രമാസകത്മായപ്പോള്‍ പൊലീസ് ആദ്യം ജലപീരങ്കി ഉപയോഗിച്ചു. അതിന് ശേഷം അറസ്റ്റ് ചെയ പ്രവര്‍ത്തകരെ നീക്കാനായി ശ്രിക്കുന്ന സമയത്ത് കെഎസ്‍യു പ്രവര്‍ത്തകര്‍ വാഹനത്തിന് മുമ്പിലേക്ക് വന്ന് പൊലീസിനെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

അതേസമയം പരിക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ആംബുലന്‍സില്‍ നിന്നിറങ്ങിയ ഷാഫി പറമ്പില്‍  പിന്നീട് നിര്‍ബന്ധപൂര്‍വ്വം ക്യാമ്പിലേക്ക് പോയി. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മന്ത്രി വിശദീകരിച്ചു. എന്തായാലും ഈ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊലീസിലെ സിപിഎം അനുകൂലികളാണ് ഇന്നലത്തെ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. 

എസിപി സുനീഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ ഷാഫി പറമ്പിലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് ബല്‍റാം എംഎല്‍എ ആരോപിച്ചു. കെഎസ്‍യു പ്രവര്‍ത്തകരുടെ കൈ കടിച്ച് മുറിക്കുന്ന വാനരസേനയായി പിണറായി പോലീസ് മാറിയെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ചോദ്യോത്തരവേളയിലും ഈ വിഷയം ഉന്നയിച്ച പ്രതിപക്ഷം വലിയ പ്രതിഷേധം നടത്തിയിരുന്നു. ഷാഫിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് സ്പീക്കര്‍ അനുവദിക്കാഞ്ഞതോടെ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിയോടെ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. 


 

click me!