
തിരുവനന്തപുരം : കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു. വലിയ സംഘർഷമാണ് കോർപ്പറേഷനിൽ നടക്കുന്നത്. ഇന്ന് രാവിലെ മുതൽ പ്രതിഷേധം നടക്കുന്നുണ്ട്. രാവിലെ നടന്ന പ്രതിഷേധത്തിനിടെ ഗ്രിൽ പൂട്ടിയിട്ടതാണ് ഇത്ര വലിയ സംഘർഷത്തിലേക്ക് എത്തിച്ചത്. ഗ്രിൽ തുറക്കണമെന്ന് ബജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല. മേയർ എത്തിയ സമയത്തും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാന്റെ മുറി പൂട്ടിയിട്ടത്. മേയറുടെ മുറിയിലേക്ക് പ്രവേശിക്കുകയാണ് പ്രതിഷേധകരുടെ ലക്ഷ്യം.
ഇടയ്ക്ക് കല്ല് ഉപയോഗിച്ച് പൂട്ട് പൊളിക്കാനുള്ള ശ്രമവും നടത്തി. പ്രധാന ഗേറ്റ് പൊലീസും അടച്ചിരിക്കുകയാണ്. ഇതിനിടെ കോർപ്പറേഷനിൽ സേവനങ്ങൾ ലഭിക്കാനായെത്തിയ പ്രായമാവർ ഉൾപ്പെട്ടയുള്ളവർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ഓഫീസിൽ അദ്ദേഹത്തെ കാണാൻ എത്തിയ വൃദ്ധയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പ്രതിഷേധം കണ്ട് ഭയന്ന് ഇരിക്കുകയാണ് ഇവർ. ഇവർക്കും പുറത്തുകടക്കാനാകാത്ത അവസ്ഥയാണ്. ജനങ്ങളാണ് ഈ പ്രതിഷേധത്തിൽ ബുദ്ധിമുട്ടുന്നതെന്ന് സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. അതേസമയം തനിക്കും ഈ പ്രായത്തിലുള്ള മക്കളുണ്ടെന്നും ഇങ്ങനെ ചവിട്ടുന്നതും അടിക്കുന്നതുമൊന്നും കാണാൻ വയ്യെന്നും വൃദ്ധ പ്രതികരിച്ചു. ഈ പ്രായത്തിൽ തനിക്ക് എന്തെങ്കിലും പറ്റിയാൽ കുഴപ്പമില്ലെന്നും എന്നാൽ ഇതൊന്നും കാണാൻ വയ്യെന്നും അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.
ബിജെപി വനിതാ കൗൺസിലർമാർ പ്രതിഷേധത്തിന്റെ മുൻനിരയിൽ തന്നെയുണ്ട്. ഇതിനിടെ ഇവിടേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവും വൈകാതെ എത്തും. ഇരു മുന്നണികളുടെയും പ്രതിഷേധം മേയറുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനിടെ ഒരു കണ്ണൻമൂലയിലെ കൗൺസിലർക്ക് ശരണ്യക്ക് പരിക്കേറ്റു. സിപിഎം - ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റത്. കോർപ്പറേഷന് മുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ സമരവും നടക്കുന്നുണ്ട്.
അതേസമയം മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂർ. ആര്യ രാജേന്ദ്രന്റെ നടപടി വഞ്ചനാപരമാണ്. തൊഴിലില്ലായ്മ കൊണ്ട് ഇന്ത്യയിലെയും കേരളത്തിലെയും യുവാക്കൾ പൊറുതി മുട്ടുമ്പോൾ ഉണ്ടായ നടപടി വഞ്ചനയാണ്. ആര്യ രാജേന്ദ്രൻ മേയർ സ്ഥാനം രാജിവെക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
Read More : കത്ത് മേയറുടേത് തന്നെയെന്ന് ബിജെപി; ഇന്ന് ഗവർണറെ കാണും, അന്വേഷണം ആവശ്യപ്പെടും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam