വ്യാജ കെട്ടിട നമ്പർ വിവാദം: തിരു. നഗരസഭയിൽ സംഘർഷം, നാളെ മുതൽ സമരമെന്ന് ബിജെപി

By Web TeamFirst Published Jul 18, 2022, 5:51 PM IST
Highlights

തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന് കോർപ്പറേഷൻ നമ്പർ നൽകിയതിൽ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

തിരുവനന്തപുരം: വ്യാജ കെട്ടിട നമ്പർ വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ സംഘർഷം. കൗണ്‍സിൽ യോഗത്തിൽ ചർച്ച ചെയ്യാൻ അവസരം നിഷേധിച്ചു എന്നാരോപിച്ച് ബിജെപി അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് ബഹളം തുടങ്ങിയത്. നാളെ മുതൽ നഗരസഭയ്ക്ക് മുന്നിൽ സമരം തുടങ്ങുമെന്ന് ബിജെപി അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന് കോർപ്പറേഷൻ നമ്പർ നൽകിയതിൽ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ നാല് പേരെ അറസ്റ്റ് ചെയതുവെങ്കിലും കൂടുതൽ പേരിലേക്കോ, മറ്റ് ക്രമക്കേടിലേക്കോ അന്വേഷണം പൊലീസ് നീക്കിയിട്ടില്ല. 

നിലവിൽ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുമില്ല. ഈ വിഷയം ചർച്ച ചെയ്യണമെന്നവശ്യപ്പെട്ട് ബിജെപി കൗണ്‍സിലർമാർ കത്ത് നൽകി. എന്നാൽ മേയർ ആദ്യം ചർച്ചക്ക് വിളിച്ചത് ഭരണപക്ഷത്ത് നിന്നുള്ള പാളയം രാജനെയാണ്. ഇതോടെ ബിജെപി അംഗങ്ങള്‍ നടുത്തളത്തിലറങ്ങി ബഹളം വച്ചു. യുഡിഎഫ് അംഗം മേയറുടെ ചേമ്പറിൽ കയറാൻ ശ്രമിച്ചത് സിപിഎം അംഗങ്ങള്‍ തടഞ്ഞത് വീണ്ടും സംഘർഷത്തിനിടയാക്കി. കേസിൽ അറസ്റ്റിലായ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവും കോർപ്പറേഷൻ ഡ്രൈവറുമായ ശ്രീകുമാർ ബിജെപി പ്രവർത്തകനുമാണെന്നും, അഴിമതിയിൽ ബിജെപിക്ക് പങ്കുണ്ടെന്നും ഭരണപക്ഷ അംഗങ്ങള്‍ ആരോപിച്ചു. 

അനധികൃതമായി കെട്ടിട നമ്പർ വാങ്ങിയ 12 കെട്ടിടങ്ങള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ജീവനക്കാരന്‍റെ പങ്ക് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ബഹളത്തിനിടെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി കൗണ്‍സിൽ പിരിഞ്ഞു. കൗണ്‍സിൽ ഹാളിന് പുറത്തും ഭരണ - പ്രതിപക്ഷ വാക്കേറ്റമുണ്ടായി. എന്നാൽ ചർച്ച നടക്കാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ബിജെപി നടത്തിയതെന്ന് മേയർ ആരോപിച്ചു.

click me!