
ദില്ലി: സിപിഐ വിട്ട സിസി മുകുന്ദൻ എംഎൽഎ ദില്ലിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി. സഹകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സിസി മുകുന്ദനെ അറിയിച്ചു. കോണ്‍ഗ്രസിനോട് സഹകരിക്കാനുള്ള താൽപര്യം മുകുന്ദൻ നേതാക്കളെ അറിയിച്ചു. അതേസമയം, സിസി മുകുന്ദന് 'കൈ' കൊടുക്കുന്നതിൽ കോണ്‍ഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. മുകുന്ദനുമായി സഹകരിക്കുന്നതിൽ പ്രാദേശിക എതിര്‍പ്പ് ശക്തമാണ്. ഇതിനാൽ തന്നെ പെട്ടന്നൊരു തീരുമാനത്തിലേക്ക് എത്താൻ കോണ്‍ഗ്രസിനായിട്ടില്ല.
സിസി മുകുന്ദൻ അടക്കമുള്ള നേതാക്കള്‍ ദില്ലിയിൽ വരുന്നത് സ്വഭാവികമാണെന്നും നേതൃത്വം മുകുന്ദനെ വിളിപ്പിച്ചോ എന്ന് അറിയില്ലെന്നുമാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. മുകുന്ദൻ തന്നെ ബന്ധപ്പെട്ടിരുന്നു. കാണണം എന്ന് ആവശ്യപ്പെട്ടു. എംഎൽഎ ആയ ആൾ ബന്ധപ്പെടുന്നതിൽ എന്താണ് തെറ്റ്? രാവിലെ മറ്റ് തിരക്കുകളിൽ ഉള്ളതിനാൽ അതിനുശേഷം ആലോചിക്കാമെന്ന് പറഞ്ഞുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇന്നലെയാണ് സിസി മുകുന്ദൻ എംഎൽഎ നെടുമ്പാശേരിയിൽ വിമാന മാർഗമാണ് ദില്ലിയിലേയ്ക്ക് പോയത്. മുകുന്ദൻ പോയത് പ്രാദേശിക നേതൃത്വത്തിന്റെ പ്രേരണയിലാണ്. അതേസമയം മുകുന്ദനെ വിളിപ്പിച്ചിട്ടില്ലെന്നും ആരും ചർച്ച നടത്താമെന്ന് അറിയിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണം. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ വികാരം മറികടന്ന് മുകുന്ദന് കോണ്‍ഗ്രസ് സീറ്റ് നൽകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.
നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു. മുകുന്ദനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. പ്രാദേശിക നേതാക്കളുടെ സ്ക്രാപ്പ് പരാമർശത്തിനും മുകുന്ദൻ മറുപടി പറഞ്ഞു.
താൻ ഉപയോഗമുള്ള ആളാണോ ഉപയോഗശൂന്യമായ ആളാണോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം തെളിയുമെന്നാണ് സി സി മുകുന്ദൻ പറഞ്ഞത്. ആരെങ്കിലും വിവരമില്ലാതെ പറയുന്നതിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഗീതാ ഗോപിയുടെത് പെയ്മെന്റ് സീറ്റ് ആണെന്നും അദ്ദേഹം ആവർത്തിച്ചു. പാർട്ടി ആവശ്യപ്പെട്ട പണം പിരിച്ചു കൊടുക്കാനുള്ള ശേഷി തനിക്കില്ല. പത്തു കൊല്ലം എംഎൽഎ ആയിരുന്ന ശേഷം പാർട്ടിയും മണ്ഡലവും തള്ളിക്കളഞ്ഞയാളെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. അവർക്ക് വലിയ സ്പോൺസർമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam