എഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം,സോഫ്റ്റ് വെയറില്‍ പ്രശ്നം ,എസ്എംഎസ് ഇല്ല.ചെല്ലാനും പോയില്ല

By Web TeamFirst Published Jun 7, 2023, 2:59 PM IST
Highlights

 മൂന്നു ദിവസത്തെ നിയമതടസ്സങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ തപാല്‍ വഴി നോട്ടീയക്കുന്നതും വലിയ വെല്ലുവിളിയാണ്.  കണ്‍ട്രോള്‍ റൂമിലെ പരിശോധനയിൽ കൃത്യം നിയമലംഘനങ്ങള്‍ തെളിഞ്ഞിട്ടുളളവർക്ക് മാത്രം നോട്ടീസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. 

തിരുവനന്തപുരം:സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ക്യാമറകൾ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം. രണ്ട് ദിവസം പിന്നിട്ടിട്ടും ഒരു നോട്ടീസ് അയക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പരിവാഹൻ സോഫ്റ്റ് വെയറിലെ   പ്രശ്നങ്ങൾ എൻഐസി ഇന്ന് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോട്ടോര് വാഹന വകുപ്പ് പ്രതികരിച്ചു.

മാസങ്ങള്‍ നീണ്ട ട്രെയൽ റണ്‍, കൊട്ടിയാഘോഷിച്ചുള്ള ഉദ്ഘാടനം , ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോൾ പക്ഷെ പണി പാളി.  ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഓരോ കണ്‍ട്രോള്‍ റൂമിലും പരിശോധിച്ച് ഉറപ്പ് വരുത്തിയാൽ പരിവാഹൻ സോഫ്റ്റുവെയറിലേക്ക് അയക്കും. വാഹന ഉടമക്ക് എസ്എംഎസ് പോകേണ്ടതും ഈ ചെല്ലാൻ തയ്യാറാക്കുന്നതുമെല്ലാം നാഷണൽ ഇൻഫോമാറ്റിക് സെന്‍ററിന്‍റെ  കീഴിലുള്ള സോഫ്ററുവെയര്‍ വഴിയാണ്. തിങ്കളാഴ്ച രാവിലെ മുതൽ നിയമലംഘനങ്ങള്‍ കണ്ടെത്തി സോഫ്റ്റുവെയറിലേക്ക് അപ്ലോഡ് ചെയ്തെങ്കിലും ആർക്കും എസ്എംഎസ് പോയില്ല. ചെല്ലാനും തയ്യാറായില്ല. ഇത്രയും അധികം നിയലംഘനങ്ങള്‍ ഒരുമിച്ച് അപ്ലോഡ് ചെയ്യുമ്പോള്‍ സോഫ്റ്റുവെയറിൽ മാറ്റം വരുത്താൻ എൻഐസി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശദീകരണം.

ഇന്നലെ രാത്രിയോടെ സാങ്കേതിക പ്രശ്നം പരിഹരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇതേവരെ ആയിട്ടില്ല. ഒരു ദിവസം 25,000 പേർക്കാണ് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്നു ദിവസത്തെ നിയമതടസ്സങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ കണ്‍ട്രോള്‍ റൂമുകളിൽ നിന്നും തപാല്‍ വഴി നോട്ടീയക്കുന്നതും വലിയ വെല്ലുവിളിയാണ്.അതിനാൽ കണ്‍ട്രോള്‍ റൂമിലെ പരിശോധനയിൽ കൃത്യം നിയമലംഘനങ്ങള്‍ തെളിഞ്ഞിട്ടുളളവർക്ക് മാത്രം നോട്ടീസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. സംശയമുള്ളവയിൽ നോട്ടീസ് അയക്കില്ല. ക്യാമറ വഴി വരുന്ന ദൃശ്യങ്ങളിൽ ചില പൊരുത്തക്കേടുകളുമുണ്ട്. അത്തരം പ്രശ്നങ്ങള്‍ കാലക്രമേണ പരിഹരിക്കുമെന്നാണ് കെൽട്രോണ്‍ പറയുന്നത്. 

 

click me!