'വര്‍ഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവര്‍'; ബജ്‌റംഗ് സേന-കോണ്‍ഗ്രസ് ലയനത്തില്‍ ശിവന്‍കുട്ടി

By Web TeamFirst Published Jun 7, 2023, 2:43 PM IST
Highlights

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബജ്‌റംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചത്.

തിരുവനന്തപുരം: മധ്യപ്രദേശില്‍ തീവ്ര വലതുസംഘടനയായ ബജ്‌റംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ''ആ ലയിച്ച സംഘടനയുടെ പേരെന്തോന്നാ..? ബജ്‌റങ് സേന. വര്‍ഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവര്‍...''- മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബജ്‌റംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചത്. നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയും നടന്നു. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ സ്ഥാപിതമായ ഒരു പതിറ്റാണ്ട് പഴക്കമുള്ള സംഘടനയാണെണെന്നാണ് അവകാശവാദം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് ആര്‍എസ്എസ് ബിജെപി ബന്ധമുണ്ടായിരുന്ന ബജ്‌റംഗ് സേന കോണ്‍ഗ്രസില്‍ എത്തിയത്. മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവും ബജ്‌റംഗ് സേന കണ്‍വീനറുമായ രഘുനന്ദന്‍ ശര്‍മ രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. കോണ്‍ഗ്രസിന്റെയും കമല്‍നാഥിന്റെയും ആശയങ്ങളെ സ്വീകരിക്കുകയാണെന്ന് ബജ്‌റംഗ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്നും രണ്‍വീര്‍ വ്യക്തമാക്കി. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മന്ത്രി ദീപക് ജോഷിയാണ് ലയനത്തിന്റെ പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബജ്‌റംഗ് ദളിനെ കര്‍ണാടകയില്‍ നിരോധിക്കുമെന്ന് കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദമായിരുന്നു. ഇക്കാര്യം ഉയര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയത്. എന്നാല്‍ കര്‍ണാടകയിലെ നിലപാടിന് നേരെ വിരുദ്ധമായ നീക്കവുമായാണ് ലയനമുണ്ടായത്.

  
'ആർഷോ പരീക്ഷാ ഫീസ് അടച്ചിട്ടില്ല': പുറത്തുവിട്ട രേഖയിൽ ആശയകുഴപ്പമെന്ന് മഹാരാജാസ് കോളേജ് 

 

click me!