'വാക്സിൻ അതത് പഞ്ചായത്തുകളിലെടുക്കണം, പറ്റുമെങ്കിൽ വാർഡുകളിൽത്തന്നെ'; മാർഗനിർദേശത്തിൽ ആശയക്കുഴപ്പം

By Web TeamFirst Published Aug 11, 2021, 12:58 PM IST
Highlights

 വാർഡ് തലത്തിലെ മുൻഗണന പട്ടികയനുസരിച്ചായിരിക്കും ഇനിയുള്ള വാക്സിനേഷൻ.  അതത് തദ്ദേശസ്ഥാപനങ്ങളിൽ അല്ലാത്തവർക്ക് മറ്റിടങ്ങളിൽ സ്പോട്ട് രജിസ്ട്രേഷന് തടസ്സമുണ്ടാകുമോയെന്നതും ആശങ്കയാണ്.

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യുന്നവർ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ തന്നെ രജിസ്റ്റർ ചെയ്ത് സ്ലോട്ട് ബുക്ക് ചെയ്യണമെന്ന സർക്കാരിന്റെ പുതിയ മാർഗരേഖയിൽ ആശയക്കുഴപ്പം. തദ്ദേശസ്ഥാപനത്തിന്  പുറത്ത് രജിസ്റ്റർ ചെയ്താലും അതത് വാർഡുകളിൽത്തന്നെ വാക്സെനുടക്കാൻ നിർദേശിക്കണമെന്നും വകുപ്പുകൾക്ക് നൽകിയ മാർഗരേഖയിൽ പറയുന്നുണ്ട്. വാർഡ് തലത്തിലെ മുൻഗണന പട്ടികയനുസരിച്ചായിരിക്കും ഇനിയുള്ള വാക്സിനേഷൻ.  അതത് തദ്ദേശസ്ഥാപനങ്ങളിൽ അല്ലാത്തവർക്ക് മറ്റിടങ്ങളിൽ സ്പോട്ട് രജിസ്ട്രേഷന് തടസ്സമുണ്ടാകുമോയെന്നതും ആശങ്കയാണ്.

വാക്സിനേഷനിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ചുമതല നൽകുന്നതാണ് പുതിയ മാർഗരേഖ.  പക്ഷെ , ഓൺലൈനായി രജിസ്റ്റർ ചെയ്യുമ്പോൾ  പറ്റുമെങ്കിൽ അതത് വാർഡിൽ തന്നെ രജിസ്റ്റർ ചെയ്ത് വാക്സിനെടുക്കണമെന്ന പുതിയ നിർദേശമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.  ഇനി അഥവാ പുറത്ത് രജിസ്റ്റർ ചെയ്താലും അതത്  പഞ്ചായത്തിലോ തദ്ദേശസ്ഥാപനത്തിന് കീഴിലോ എടുക്കാൻ നിർദേശിക്കും.  നിലവിൽ, സ്ലോട്ട് ഒഴിവുള്ള എവിയെും ആളുകൾക്ക് രജിസ്റ്റർ ചെയ്യാനും വാക്സിനെടുക്കാനും സൗകര്യമുണ്ട്. പുതിയ നിർദേശത്തോടെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ശക്തമാവുകയാണ്.  

ഇതര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മുന്നിൽ ഇത്തരം നിബന്ധന കർശനമാക്കുമോയെന്നതാണ് പ്രധാനം.  എന്നാൽ പറ്റുന്നവർക്ക് ഇളവാലോചിക്കും എന്നാണ് സർക്കാരുമായി ബന്ധപ്പെട്ടവർ പറയുന്നത്.  50 ശതമാനം ഓൺലൈൻ, 50 ശതമാനം സ്പോർട്ട് രജിസ്ട്രേഷൻ എന്ന രീതിയിൽ മാറ്റമില്ല.  എന്നാൽ ഓൺലൈനല്ലാത്തവർ, അതത് തദ്ദേശസ്ഥാപനത്തിന് കീഴിൽത്തന്നെ സ്പോട്ട് രജിസ്റ്റർ ചെയ്യേണ്ടി വരും.   കളക്ടർമാർക്കാണ് പുതിയ വാക്സിനേഷൻ രീതിയിൽ ഏകോപന ചുമതല നൽകിയിരിക്കുന്നത്. മിക്കയിടത്തും പഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തിൽ മാത്രമായി കേന്ദ്രീകരിക്കുന്ന വാക്സിനേഷൻ ഊർജിത വാക്സിനേഷന്റെ ഭാഗമായി കൂടുതൽ കേന്ദ്രങ്ങൾ തുറന്ന് വിപുലമാക്കേണ്ടതുണ്ട്.  എങ്കിൽ മാത്രമാണ് വാർഡ് തലത്തിൽ ഉള്ള വാക്സിനേഷൻ വിജയകരമാക്കാനാവുക. ആഗസ്ത് 31 വരെയുള്ള യജ്‍ഞം വിവിധ മുൻഗണനാ ഗ്രൂപ്പുകളിലെ പ്രധാന്യമനുസരിച്ച് മാത്രം തെരഞ്ഞെടുത്ത് വാക്സിൻ നൽകുന്ന തരത്തിലാണ്. എല്ലാം നിശ്ചയിക്കുക വാർഡ് തലത്തിലുള്ള പട്ടികയാണ്.  10 തരം മുൻഗണനാ വിഭാഗങ്ങളെയാണ് നിശ്ചയിച്ചിരിക്കുന്നത്.  60ന് മുകളിലുള്ളവരുടെ ആദ്യഡോസ് സമ്പൂർണമാക്കാൻ കർശന നിർദേശമുള്ളതിനാൽ മിക്കയിടത്തും ഇതിൽ മാത്രമായി കേന്ദ്രീകരിക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!