അരുണ്‍ ബാലചന്ദ്രനെ നീക്കിയോ? ദുരൂഹത ഉയർത്തി സർക്കാർ ഉത്തരവ്

By Web TeamFirst Published Aug 5, 2020, 7:32 AM IST
Highlights

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തത് അരുൺ ബാലചന്ദ്രനാണെന്ന് തെളിഞ്ഞതോടെയാണ് മുഖ്യമന്ത്രിയുടെ ഈ മുൻ ഐടി ഫെല്ലോയും വിവാദത്തിൽ പെടുന്നത്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ സ‍ർക്കാർ പദവികളിൽ നിന്നും മാറ്റിയ നടപടിയിൽ ദുരൂഹത തുടരുന്നു. ഡിജിറ്റിൽ മാർക്കറ്റിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും അരുൺ ആ സ്ഥാനത്തുണ്ടെന്നാണ് നോർക്കയുടെ മറ്റൊരു ഉത്തരവിൽ പറയുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തത് അരുൺ ബാലചന്ദ്രനാണെന്ന് തെളിഞ്ഞതോടെയാണ് മുഖ്യമന്ത്രിയുടെ ഈ മുൻ ഐടി ഫെല്ലോയും വിവാദത്തിൽ പെടുന്നത്. 

ഐടി ഫെല്ലോ സ്ഥാനത്തുനിന്നും നേരത്തെ മാറിയ അരുൺ പിന്നീട് പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഹൈ പവർ ഡിജിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ മാർക്കറ്റിംഗ് ഓപ്പറേഷൻ ഡയറക്ടാറായിട്ടായിരുന്നു. വിവാദം ശക്തമായതോടെ അരുണിനെ ഈ സ്ഥാനത്തുനിന്നും മാറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പക്ഷെ ഉത്തരവ് പുറത്ത് വിട്ടിരുന്നില്ല. പിന്നാലെ പ്രവാസി പുനരധിവാസത്തിനുള്ള ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷൻ കമ്മിറ്റിയിൽ നിന്ന് കൂടി നോർക്ക അരുണിനെ മാറ്റി. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന നിലക്കായിരുന്നു നിയമനമെന്നും സ്ഥാനം മാറിയതോടെ സമിതിയിൽ നിന്നും മാറ്റുന്നുവെന്നായിരുന്നു ജുലൈ 20ന് ഇറക്കിയ ഉത്തരവിലെ പരമാർശം. 

ഇതിനിടെയാണ് ജൂലൈ 21 ലെ നോർക്കയുടെ മറ്റൊരു ഉത്തരവ് സംശയങ്ങൾ കൂട്ടുന്നത്. അരുൺ ബാലചന്ദ്രന്‍റെ പദവി മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അല്ലെന്നും ഡിജിറ്റൽ അഡ്‍വൈസറി കമ്മിറ്റിയുടെ മാർക്കറ്റിംഗ് ഓപ്പറേഷൻ ഡയറക്ടാറാണെന്നുമാണ് ഈ ഉത്തരവിൽ പറയുന്നത്. നോർക്കയാകട്ടെ മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുമാണ്. രേഖകളിൽ അരുണിന്‍റെ മുൻ പദവി മാറ്റാൻ വേണ്ടി ഇറക്കിയ ഉത്തരവെന്നാണ് നോർക്ക വിശദീകരണം. പുറത്താക്കിയിട്ടും വീണ്ടും പദവി എന്തിന് രേഖകളിൽ ചേർക്കുന്നു എന്ന ചോദ്യം ബാക്കിയാണ്. ഐടി വകുപ്പിലെ പല വിവാദ നിയമനങ്ങളുടെയും ഉത്തരവുകളിലെല്ലാമുള്ള ദുരൂഹത അരുണിന്‍റെ കാര്യത്തിൽ തുടരുന്നു. 

 

click me!