
പാലക്കാട്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിക്ക് നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി. സംഭവം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകില്ല. താൻ പാലക്കാട് വന്നിട്ട് 10 ദിവസമേ ആയിട്ടുള്ളൂ. തന്‍റെ പ്രചാരണത്തിന് കോണ്‍ഗ്രസ് ഭാരവാഹി എന്ന നിലയിൽ ഈ കൌണ്‍സിലറും രണ്ട് ദിവസം വന്നിരുന്നു. ചിത്രം കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. അല്ലാതെ വ്യക്തിപരമായി അറിയില്ല. ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കാൻ പൊലീസും സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കണം. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആരു ചെയ്താലും അവരെല്ലാം ശിക്ഷിക്കപ്പെടണം. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിന്‍റെ വിലയിരുത്തലും അടുത്ത അഞ്ച് വർഷത്തേക്കുള്ള തെരഞ്ഞെടുപ്പുമാണ് നടക്കുന്നത്. ഒരു വാർഡ് മെമ്പർക്കെതിരായ പരാതി തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കരുതുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസ സ്ഥലത്തെത്തി പ്രശോഭ് പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉയരുകയും പിന്നീട് ഒളിവിൽ പോകുകയും ചെയ്തതിന് ശേഷം രാഹുൽ പാലക്കാട് എത്തിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിന് ശേഷം ആദ്യം പോയതും രാഹുലിനെ കാണാൻ വേണ്ടിയാണ്.
പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ ആണ് നടപടി പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി. ധാർമ്മികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. മറ്റ് പാർട്ടിക്കാർ കൂടി ഈ ധാർമ്മികത കാണിക്കട്ടെയെന്നും ഇത് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. അതിനിടെ കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതിയിൽ അന്വേഷണം ആരംഭിക്കാനിരിക്കുകയാണ് പൊലീസ്. പരാതിക്കാരിയായ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പ്രശോഭ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതി പ്രചാരണ ആയുധമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫും എൻഡിഎയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam