
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ്-എസ്ഡിപിഐ ഡീലെന്നും പിഡിപിയുമായും സിപിഎമ്മിന് കൂട്ടുകെട്ടുണ്ടെന്നും രമേശ് ചെന്നിത്തല. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എൽഡിഎഫിന് പിന്തുണ നൽകുന്നു. സിപിഐഎം- ബിജെപി ഡീൽ ആരംഭിച്ചത് 2021 മുതലാണെന്നും, 2021ൽ അറുപതിലധികം സീറ്റിൽ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചെന്നും, 2026ലും അന്തർധാര ആവർത്തിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാസർകോടും മഞ്ചേശ്വരത്തും എന്ത് ഡീൽ ആണെന്ന് അറിയില്ല. പ്രതിപക്ഷ നേതാവ് ആരോപിച്ചത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. രണ്ട് മണ്ഡലങ്ങളിലും ജയിക്കും എന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്ഡിപിഐ അടക്കം ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന ഇപി ജയരാജൻ്റെ പ്രതികരണത്തിനെതിരെയും ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാനത്ത് എൽഡിഎഫ്, എസ്ഡിപിഐ ഡീൽ ഉണ്ടാക്കി കഴിഞ്ഞിരിക്കുകയാണ്. പിഡിപിയുമായും ധാരണ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്.
പാലക്കാട് നഗരസഭ കൗൺസിലർക്കെതിരെയുള്ള ലൈംഗികാരോപണത്തിനെതിരെയും ചെന്നിത്തല പ്രതികരിച്ചു. ആരോപണമുയർന്നാൽ നടപടിയെടുക്കുക അല്ലാതെ എന്താണ് ചെയ്യേണ്ടത്. വനിതകൾക്കെതിരെയുള്ള അക്രമം വച്ചുപൊറുപ്പിക്കാൻ കഴിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇതെല്ലാം സമൂഹത്തിന് സംഭവിച്ച അപചയം. സിപിഎം പ്രവർത്തകൻ ആണെങ്കിൽ എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം. അതേസമയം സോഫ്റ്റ്‌വെയറിലെ തട്ടിപ്പിനെതിരെയും ചെന്നിത്തല പ്രതികരിച്ചു. തട്ടിപ്പ് നടന്നത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ്. ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹതയുണ്ട്. ടെൻഡർ നൽകണമെന്ന് മന്ത്രി ഉൾപ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നതാണ്. ടെൻഡർ ക്ഷണിച്ചത് എത്ര ശാഖകൾക്കാണെന്ന് വ്യക്തമാക്കാൻ പോലും തയ്യാറാകുന്നില്ല. അതേസമയം വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിനോട് പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam