
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി. വി ഡി സതീശന്‍ പക്ഷത്തെ വിമല ബിനുവിനെതിരെ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർമാൻ രജിത്ത് രവീന്ദ്രനാണ് പരാതി നൽകിയത്. മുതിർന്ന നേതാക്കളെ അവഹേളിക്കാൻ വിമല ബിനു നിർദ്ദേശിച്ചെന്നാണ് ആരോപണം ഉയരുന്നത്. ഇലക്ഷൻ 2026 വിഡിഎസ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ കെ സി ചെന്നിത്തല, കെ സുധാകരൻ എന്നിവരെ അവഹേളിക്കാൻ വിമല ബിനു നിർദ്ദേശിച്ചെന്ന് പരാതിയിലെ ആരോപണം. വിഡി സതീശന്റെ പേര് ദുരുപയോഗം ചെയ്തെന്നും പരാതിയില്‍ പറയുന്നു. സംഘ പരിവാർ പശ്ചാത്തലമുള്ളയാൾ ഡിജിറ്റൽ മീഡിയ ചുമതലയിൽ എത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.
ഹൈക്കമാന്‍ഡ് കര്‍ശനമായി വിലക്കിയിട്ടും സംസ്ഥാന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരക്കായുള്ള ചരടുവലി ശക്തമായി തുടരുകയാണ്. കെ സി വേണുഗോപാലിന് പിന്തുണ നല്‍കുന്ന യുവ നേതൃനിരയിലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ദില്ലിയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ അനുയായിയായ കോണ്‍ഗ്രസ് തൃശൂര്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ സി എം അനില്‍ കുമാര്‍ പാലക്കാട്ടെ കൈപ്പത്തി പ്രതിഷ്ഠയുള്ള ഹേമാംബിക ക്ഷേത്രത്തില്‍ കളഭം കൊണ്ട് തുലാഭാരത്തിന് നടത്താമെന്ന് നേര്‍ന്നിരിക്കുകയാണ്. ഈ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷമാണ് ഇന്ദിരഗാന്ധി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായി കൈപ്പത്തി തെരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. വി ഡി സതീശന്‍റെ ആരാധകരും അടങ്ങിയിരിക്കുന്നില്ല. മൂവാറ്റുപുഴയില്‍ വിഡി സതീശനായി ഫ്ലക്സ് ഉയര്‍ന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam