തിരുവനന്തപുരം നഗരവും ടെക്സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. നിർമിതബുദ്ധി, നഗരവികസനം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ സഹകരിക്കാൻ ഇരു നഗരങ്ങളിലെയും മേയർമാർ തമ്മിൽ ധാരണയായി.
ഹൂസ്റ്റൺ: തിരുവനന്തപുരം നഗരവും ടെക്സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായി തിരുവനന്തപുരം മേയർ വി വി രാജേഷ് അറിയിച്ചു. മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യമുള്ള മിസോറി സിറ്റി, അമേരിക്കയിലെ പ്രവാസി മലയാളികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. നഗരഭരണ രംഗത്തും പൊതുപ്രവർത്തന മേഖലയിലും മലയാളി സമൂഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.
നിർമിതബുദ്ധി മേഖലയിൽ തിരുവനന്തപുരം – മിസോറി സിറ്റി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തെന്ന് മേയർ വി വി രാജേഷ് അറിയിച്ചു. നഗരവികസനം, സാങ്കേതികവിദ്യ, പൊതുസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ, സ്മാർട്ട് സിറ്റി ആശയങ്ങൾ, നിക്ഷേപ അവസരങ്ങൾ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യ സംസ്കരണത്തിലും പുനരുപയോഗത്തിലും മിസോറി സിറ്റി കൈവരിച്ച പുരോഗതി മേയർ റോബിൻ ഇലക്കാട്ട് വിശദീകരിച്ചു. ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പുനരുപയോഗ പദ്ധതികൾ, നഗര ശുചിത്വ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചെന്ന് വി വി രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണ കമ്പനിയുടെ പ്രതിനിധികളും നഗര ഭരണകൂടത്തിലെ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. നഗരത്തിലെ തെരുവുനായകളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും റോബിൻ ഇലക്കാട്ട് വിവരിച്ചതായി വി വി രാജേഷ് അറിയിച്ചു. നഗരത്തിലെ മൃഗസംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ചെന്നും മൃഗസംരക്ഷണ രംഗത്ത് മിസോറി സിറ്റി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയെന്നും വി വി രാജേഷ് പറഞ്ഞു.
മിസോറി സിറ്റിയിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘം തിരുവനന്തപുരത്ത് സന്ദർശനം നടത്തും. നഗരവികസനം, സാങ്കേതികവിദ്യ, മാലിന്യ സംസ്കരണം, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിലെ അനുഭവങ്ങൾ പങ്കുവെക്കും. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാഫോർഡ് മേയർ കെൻ മാത്യുവുമായും കൂടിക്കാഴ്ച നടത്തിയെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് അറിയിച്ചു. നഗരഭരണം, പൊതുസേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, നഗരാസൂത്രണം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. തിരുവനന്തപുരം നഗരവും അമേരിക്കയിലെ പ്രധാന നഗരങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നഗര വികസനത്തിലെ മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കുന്നതിനും പുതിയ സഹകരണ അവസരങ്ങൾ കണ്ടെത്തുന്നതിനും ഈ കൂടിക്കാഴ്ചകൾ സഹായകമാകുമെന്ന് മേയർ വി വി രാജേഷ് പറഞ്ഞു.
