
തിരുവനന്തപുരം: യു ഡി എഫ് വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ദില്ലിയിലേക്ക്. എ ഐ സി സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എം എൽ എമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകൾ പൂർത്തിയാക്കി മടങ്ങി. എം എൽ എമാരുടെ പിന്തുണയാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ പ്രധാനമെന്ന് നിരീക്ഷകർ വ്യക്തമാക്കിയെങ്കിലും, ഘടകകക്ഷികൾ വി ഡി സതീശനായി രംഗത്തുവന്നത് ഹൈക്കമാൻഡിന് മുന്നിൽ വലിയ വെല്ലുവിളിയായിട്ടുണ്ട്. ഘടക കക്ഷികളുമായി നടത്തിയത് ഔപചാരിക കൂടിക്കാഴ്ചയാണെന്നും എം എൽ എമാരുടെ അഭിപ്രായമാണ് പ്രധാനം എന്നുമാണ് മുകുൾ വാസ്നിക് മടങ്ങും മുന്നേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇന്ന് രാത്രിയോ നാളെ രാവിലെയോ പാർട്ടി അധ്യക്ഷന് റിപ്പോർട്ട് നൽകും എന്ന് വ്യക്തമാക്കിയ അജയ് മാക്കൻ, ഒറ്റ പേരിലേക്കല്ല, ഒറ്റ തീരുമാനത്തിലേക്കെത്താനാണ് നമ്മളെത്തിയതെന്നാണ് പറഞ്ഞത്. എം എൽ എമാരുടെ പിന്തുണ കെ സിക്കാണെന്നും ഘടകകക്ഷികളുടെ പിന്തുണ വി ഡിക്കാണെന്നും ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് കൈമാറുന്നതോടെ ദില്ലിയിലാകും ഇനി തന്ത്രങ്ങളും തീരുമാനങ്ങളും ഒരുങ്ങുക. ശനിയാഴ്ച വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരെ ദില്ലിക്ക് വിളിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. ഹൈക്കമാൻഡിന്‍റെ ഭാഗമായ കെ സി വേണുഗോപാൽ ദില്ലിയിലുണ്ടാകും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂരിപക്ഷം എം എൽ എമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ സി വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നത്. 45 എം എൽ എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ഇവർ പറയുമ്പോൾ, വി ഡി സതീശൻ പക്ഷം 35 പേരുടെയും രമേശ് ചെന്നിത്തല പക്ഷം 23 പേരുടെയും പിന്തുണ അവകാശപ്പെടുന്നു. കെ സി പക്ഷത്തെ പലരും നിരീക്ഷകരെ ഒറ്റയ്ക്കൊറ്റക്ക് കണ്ടപ്പോൾ തങ്ങൾക്കൊപ്പം നിന്നെന്ന പ്രതീക്ഷയിലാണ് ഇരു വിഭാഗവും. എം എൽ എമാരുടെ എണ്ണത്തിനപ്പുറം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും പൊതുജനവികാരവും പരിഗണിക്കണമെന്നാണ് സതീശന്റെ ആവശ്യം. അതേസമയം, കോൺഗ്രസിലെ ഘടകകക്ഷികൾ ഒരേസ്വരത്തിൽ വി ഡി സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സതീശന്റെ പേര് മുസ്ലിം ലീഗ് നേരിട്ട് നിർദ്ദേശിച്ചപ്പോൾ, സിറ്റിംഗ് എം എൽ എ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലൂടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കെ സി വേണുഗോപാലിനെ പരോക്ഷമായി എതിർത്തു. പൊതുവികാരത്തിന് വിരുദ്ധമായി മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നും സർക്കാരിന്റെ തുടക്കം തന്നെ പിഴയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം എ ഐ സി സി അധ്യക്ഷന് വിട്ടുകൊണ്ടുള്ള പ്രമേയം നിയമസഭാ കക്ഷി യോഗം ഐകകണ്ഠ്യേന പാസ്സാക്കിയിട്ടുണ്ട്. എം എൽ എമാരുടെയും എം പിമാരുടെയും അഭിപ്രായം നിരീക്ഷകർ വ്യക്തിപരമായി കേട്ടു. ഭൂരിപക്ഷം എം എൽ എമാരുടെ പിന്തുണ കെ സി വേണുഗോപാലിനുണ്ടെന്ന് ഹൈക്കമാൻഡ് കരുതുമ്പോഴും, ഘടകകക്ഷികളുടെ കടുത്ത എതിർപ്പ് മറികടന്ന് മുന്നോട്ട് പോകുന്നത് എളുപ്പമാകില്ല. താനല്ല തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ വി ഡി സതീശൻ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിനകം തെരുവിലേക്ക് പ്രതിഷേധം പടർന്നുകഴിഞ്ഞതും വി ഡി പക്ഷത്തിന് ഗുണമാകുമോ എന്നത് കണ്ടറിയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam