
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കണ്‍വീനറുടെ പരസ്യവിമര്‍ശനത്തിന് പിന്നാലെ കോൺഗ്രസിലുണ്ടായ പ്രതിസന്ധിക്ക് സമവായമായില്ല. കൊച്ചു കൊച്ചു പ്രശ്നങ്ങളാണെന്നും പരിഹരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതി വേണമെന്ന് വി ഡി വിരുദ്ധരുടെ ആവശ്യം. ദീപദാസ് മുന്‍ഷി ഉള്‍പ്പടെ ഉന്നത നേതാക്കളുടെ പിന്തുണയോടെയാണ് അടൂര്‍ പ്രകാശിന്‍റെ നീക്കമെന്നാണ് വിഡി സതീശൻ അനുകൂലികളുടെ സംശയം. അതേസമയം സര്‍ക്കാര്‍ തീരുമാനങ്ങളിൽ കൂടിയാലോചയില്ലെന്ന് പരാതി ഹൈക്കമാൻഡിന് നൽകാനുള്ള തീരുമാനത്തിൽ ഉറച്ചാണ് യുഡിഎഫ് കണ്‍വീനര്‍ മുന്നോട്ടുപോകുന്നത്.
മുഖ്യമന്ത്രിയുടെ പേരെടുത്ത് പറയില്ലെങ്കിലും ഏകോപനം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധിക്കും നൽകുന്ന കത്തിൽ ആവശ്യപ്പെടും. മറ്റന്നാള്‍ ദില്ലിയിലെത്തി കത്തു നൽകാനാണ് നീക്കം. ഇതോടെ കൂടിയാലോചനയില്ലെന്ന കേസ് ഹൈക്കമാന്‍ഡിന് മുമ്പാകെ എത്തുമെന്ന് വിഡി സതീശൻ വിരുദ്ധര്‍ കരുതുന്നു. എന്നാൽ കൂടിയാലോചിച്ച് ഉറപ്പിച്ച നീക്കമെന്ന മറുചേരിയുടെ ആരോപണം സമ്മതിക്കുന്നുമില്ല. ഏതെങ്കിലുമൊരു പക്ഷത്തിന്‍റെ മാത്രം പരാതിയല്ലെന്ന് തെളിഞ്ഞെന്നാണ് വാദം. കൂടിയാലോചന നിര്‍ബന്ധമെന്ന ആവശ്യമാണ് വിഡി വിരുദ്ധരുടേത്.
അഭിപ്രായ ഭിന്നത വരുമ്പോള്‍ തന്നെ പ്രതികൂട്ടിലാക്കേണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞെങ്കിലും സമ്മതിച്ചു കൊടുക്കാൻ വിഡി സതീശൻ അനുകൂലികള്‍ തയ്യാറല്ല. വിമര്‍ശന ചേരിയിൽ ഒറ്റയ്ക്കെന്ന അടൂർ പ്രകാശിന്‍റെ വാദവും വിശ്വസിക്കുന്നില്ല. സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനമില്ലായ്മയെ രാഷ്ട്രീയ കാര്യ സമിതിയിൽ വിമര്‍ശിച്ച ദീപദാസ് മുന്‍ഷിയെയും വിഡി സതീശൻ അനുകൂലികള്‍ സംശയിക്കുന്നു. ഇരിക്കും മുൻപെ സര്‍ക്കാരിന് വീഴ്ത്താൻ ഉന്നത നേതാക്കള്‍ ആളെ ഇറക്കുന്നുവെന്ന വി ഡി പക്ഷത്തിന്‍റെ ആരോപണം. സതീശന് അണികളുടെ പിന്തുണ കൂടുമെന്നാണ് ഇവരുടെ പ്രതീക്ഷ. അടൂർ പ്രകാശിന്‍റെ കത്തിന് പിന്നാലെ അച്ചടക്ക ലംഘന പ്രശ്നമെന്ന കൗണ്ടര്‍ കേസ് വി ഡി പക്ഷവും ഹൈക്കമാന്‍ഡിന് മുമ്പാകെ എത്തിക്കും. ഏകോപനമില്ലായ്മയെന്ന എഐസിസി ജനറൽ സെക്രട്ടറിയുടെ വിമര്‍ശനത്തെ പാര്‍ട്ടി യോഗത്തിൽ കയ്യോടെ തള്ളിയ മുഖ്യമന്ത്രി, ഏകോപന സമിതി ആവശ്യത്തിന് വഴങ്ങുമോയന്നതാണ് ചോദ്യം. ഇനി സമിതി വന്നാൽ അതിൽ കെസി വേണുഗോപാൽ ചേരുമോയെന്നത് അടുത്ത പ്രശ്നം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam