
കോഴിക്കോട്: കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിലെ നിർമാണത്തിലെ അപാകതകൾ ഉൾപ്പെടെ ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണമെന്ന ആവശ്യമുയർത്തി പ്രക്ഷോഭം തുടങ്ങാൻ കോൺഗ്രസ്. മദ്രാസ് ഐഐടി റിപ്പോർട്ട് ഇതുവരെ സർക്കാർ പുറത്തുവിടാത്തതതിൽ ദുരുഹതയുണ്ടെന്നെന്നാണ് ആരോപണം. ജനുവരി 5ന് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിടം വളഞ്ഞ് പ്രതിഷേധിക്കും.
മദ്രാസ് ഐഐടി ബലക്ഷയമുണ്ടെന്ന് കണ്ടെത്തി ബലപ്പെടുത്തലിന് നിർദ്ദേശിച്ച കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ചയം മുൻനിർത്തി അടുത്ത ഘട്ടം സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ് . ബലക്കുറവുണ്ടെന്ന് ഐഐടി പറയുമ്പോൾ, ഇവരുടെ നിഗമനങ്ങൾ തെറ്റെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. അടിയന്തിര ബലപ്പെടുത്തൽ വേണ്ടെന്ന വിദഗ്ധ സമിതി കണ്ടെത്തൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
റിപ്പോർട്ടുകളുടെ വൈരുദ്ധ്യത്തിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സ് സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിലുളള അന്വേഷണം ആവശ്യപ്പെടുന്നത്. നിർമ്മാണ കരാറിലെ അപാകതകകളില്‍ ഉള്‍പ്പെ അന്വേഷണം വേണമെന്ന് ഡിസിസി അധ്യക്ഷൻ കെ.പ്രവീൺ കുമാർ ആവശ്യപ്പെടുന്നു. എന്നാല്‍ വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. റിപ്പോർട്ട് പഠിച്ച ശേഷം ഉചിതമായ തീരുമാനമെന്ന് ഗതാഗതവകുപ്പും പറയുന്നു.