
കോഴിക്കോട് : മേപ്പാടി പോളിടെക്നിക്ക് കേസിലെ പ്രതി അഭിനവിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ - കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രകടനത്തിനിടെ ഡിവൈഎഫ്ഐയും നഗരത്തിൽ പ്രകടനം നടത്തിയതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. പൊലീസ് ഇടപ്പെട്ട് രംഗം ശാന്തമാക്കി.
വയനാട് മേപ്പാടി പോളിടെക്നിക്കിലെ എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച കേസിലെ പ്രതിക്ക് കോഴിക്കോട്ട് വച്ചാണ് ക്രൂര മര്‍ദ്ദനമേറ്റത്. റിമാന്‍റിലുള്ള രണ്ട് പ്രതികളുടെ ബൈക്കും കത്തിച്ചിരുന്നു. മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശി അഭിനവിനാണ് വീടിന് സമീപത്ത് വെച്ച് മർദ്ദനമേറ്റത്. പേരാമ്പ്രയിലെ വീടിന് സമീപത്ത് ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അഭിനവിന് ഗുരുതരമായി പരിക്കേറ്റു. ആണി തറച്ച പട്ടികകൊണ്ടാണ് ക്രൂരമായി മര്‍ദ്ദിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകരുടെ സംഘമാണ് ആക്രമിച്ചതെന്ന് അഭിനവ് പറഞ്ഞു. അഭിനവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ മേപ്പാടി പോളിടെക്‌നിക് കോളേജിലുണ്ടായ അക്രമത്തിൽ എസ്എഫ്ഐ വനിതാ നേതാവ് അപര്‍ണക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ട് ദിവസം മുൻപ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ പരാതി. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ ഗൗരി ചികിത്സയിൽ തുടരുകയാണ്. ഈ കേസില്‍ അഭിനവ് ഉള്‍പ്പെട നാല്‍പതോളം പേര്‍ക്കെതിരെ മേപ്പാടി പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
Read More : വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവം, നാല് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam