
തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻറെ പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനമെന്ന് ചെന്നിത്തല വിമർശിച്ചു. നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോയാൽ സമവായത്തിന് നിൽക്കാതെ യോജിച്ച് കടുത്ത മത്സരത്തിനിറങ്ങാനാണ് എ-ഐ ഗ്രൂപ്പുകളുടെ ആലോചന.
കെപിസിസി പുന:സംഘടനയിലെ അതൃപ്തി ഉള്ളിലൊതുക്കി കഴിയുന്ന എ-ഐ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുന്നതായിരുന്നു സുധാകരൻറെ മത്സരപ്രഖ്യാപനം. കൂടിയാലോചനകളില്ലാതെ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ ഇരു ഗ്രൂപ്പുകൾക്കും ഉള്ളത് കടുത്ത അമർഷം. അധ്യക്ഷൻ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനസംഘടന എങ്ങിനെ സുതാര്യമാകുമെന്നാണ് ഗ്രൂപ്പുകളുടെ ചോദ്യം.
കെപിസിസി സെക്രട്ടറിമാരെ ഇനിയും തീരുമാനിക്കാനുണ്ട്. ഡിസിസിയിലും വേണം അഴിച്ചുപണി. പക്ഷെ പ്രസിഡണ്ടിൻറെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉന്നയിച്ച് പുനസഘടനയുടെ തുടർനടപടികൾ നിർത്തിവെക്കാൻ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കാൻ ആലോചിക്കുന്നു. സമവായ ചർച്ചക്കില്ലെങ്കിൽ സുധാകരനെതിരെ പൊതു പ്രസിഡന്റ് സ്ഥാനാർത്ഥിയെ ഇറക്കുന്നതടക്കം ഗ്രൂപ്പുകൾ പരിഗണിക്കും.
സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായും തള്ളാതെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി നേതൃത്വവുമായി ഉടക്കിനിൽക്കുന്ന കെ മുരളീധരനെ വരെ ഇറക്കാനും ഗ്രൂപ്പുകൾ ആലോചിക്കുന്നു. രണ്ടിന് പുതിയ എക്സിക്യൂട്ടീവ്, ഭാരവാഹി യോഗങ്ങളുടെ തീരുമാനമനുസരിച്ചായിരിക്കും ഗ്രൂപ്പുകളുടെ തുടർനീക്കങ്ങൾ. 92ലായിരുന്നു സംസ്ഥാന കോൺഗ്രസ്സിൽ അതിശക്തമായ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. പിന്നീടിങ്ങോട്ടെല്ലാം സമവായമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam