
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ കുംഭമേള വൈറല്‍ സ്റ്റാറിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ പിന്തുണച്ച് രാഹുൽ ഈശ്വർ. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് വിരോധം വെച്ചുപുലർത്തുന്നവർ പോലും ഈ വിഷയത്തിൽ സത്യത്തോടൊപ്പം നിൽക്കണമെന്നും, രാഷ്ട്രീയത്തിനപ്പുറം നീതിക്കും സത്യത്തിനുമാണ് വില നൽകേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
യുവതിക്ക് പ്രായപൂർത്തിയായില്ലെന്ന് ആരോപിച്ച് ഫർമാൻ ഖാനെതിരെ ചുമത്തിയ പോക്‌സോ കേസ് വ്യാജമാണെന്നാണ് രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടുകയും ഫർമാന്‍റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ അനുകൂല നിരീക്ഷണങ്ങൾ യുവാവിന്‍റെ നിരപരാധിത്വം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞുവെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ അദ്ദേഹം എടുത്തുപറഞ്ഞു. യുവതിയുടെ ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ തിരിച്ചറിയൽ രേഖകൾ എന്നിവയിൽ പ്രായപൂർത്തിയായതായി വ്യക്തമാണെന്നും ഇതിനെതിരെയുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാദിക്കുന്നു.
തീവ്ര നിലപാടുകാർ ഈ ബന്ധം തകർക്കാൻ വ്യാജ രേഖകളും കള്ളക്കഥകളും ചമയ്ക്കുകയാണെന്നും രാഹുൽ ആരോപിച്ചു. വിഷയത്തിൽ കൃത്യമായ നിലപാടെടുത്ത എം വി ഗോവിന്ദൻ മാസ്റ്റർ, എ എ റഹിം എംപി എന്നിവരുടെ പ്രവർത്തിയെ അദ്ദേഹം പ്രശംസിച്ചു. 'സഖാവ് ഗോവിന്ദൻ മാഷ് പറയുന്നത് സത്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് എനിക്ക് വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കണം. ഇരുവരുടെയും നിലപാട് കേരളത്തിന് അഭിമാനമാണ്' - രാഹുൽ ഈശ്വർ കുറിച്ചു.
കേരളത്തിൽ 'ലവ് ജിഹാദ്' ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നതായും അതിന് കുടപിടിക്കുന്ന കോൺഗ്രസ് നിലപാട് ഗാന്ധിയൻ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം വിമർശിച്ചു. ദേശീയതലത്തിൽ കേരളത്തെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത വേണമെന്നും, സത്യം തിരിച്ചറിയാനുള്ള ബോധം പരാതി നൽകുന്നവർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്ധമായ രാഷ്ട്രീയ വിരോധം കാരണം ഒരു മുസ്‌ലിം യുവാവിന്‍റെയും ഹിന്ദു യുവതിയുടെയും ജീവിതം തകർക്കാൻ ആരും കൂട്ടുനിൽക്കരുതെന്ന അഭ്യർത്ഥനയോടെയാണ് രാഹുൽ ഈശ്വർ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam