ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിസന്ധിയുള്ള സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി. മഹാരാഷ്ട്രയിൽ മല്ലികാർജ്ജുൻ ഖാർഗെയേയും രാജസ്ഥാനിലേക്ക് പവൻകുമാർ ബൻസാൽ, ടി എസ് സിംഗ് ദേവ് എന്നിവരേയും ഹരിയാനയിലേക്ക് ഭൂപേഷ് ബാഗേൽ, രാജീവ് ശുക്ള എന്നിവരേയുമാണ് നിരീക്ഷകരായി അയച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിൽ ഇടഞ്ഞു നിൽക്കുന്ന സംസ്ഥാന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിൻ്റെ ഇടപെടൽ.
അതേസമയം പഞ്ചാബിൽ കോണ്‍ഗ്രസ് നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കി. അമരീന്ദര്‍സിംഗ്, സുനില്‍ ജാക്കര്‍, നാല് മുന്‍ മന്ത്രിമാര്‍, ഒരു എംഎല്‍എ, ഇതിനോടകം കോണ്‍ഗ്രസ് വിട്ട പഞ്ചാബിലെ നേതാക്കളുടെ പട്ടിക നീളുകയാണ്. അസംതൃപ്തരായി ഒരു ഡസനിലേറെ നേതാക്കള്‍ പാളയം വിടുന്നുവെന്ന സൂചന കിട്ടിയതോടെയാണ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കറിനെ തുറുപ്പ് ചീട്ടാക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
സുനില്‍ ജാക്കര്‍ എത്തിയതോടെ അദ്ദേഹവുമായി അടുത്ത് ബന്ധമുള്ള നേതാക്കളെ ഒന്നൊന്നായി ബിജെപിയിലെത്തിക്കാനാകുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. സുനില്‍ ജാക്കറിന്‍റെ വീട്ടിലെ അത്താഴ വിരുന്നില്‍ ഇന്നലെ പങ്കെടുത്ത അമിത് ഷാ ഒരു മണിക്കൂറിലേറെ നേരം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. പഞ്ചാബില്‍ നിര്‍ണ്ണായക പദവി സുനില്‍ ജാക്കറിന് നല്‍കുന്നതോടെ കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്ക് തന്നെയാണ് ബിജെപി ഉന്നമിടുന്നത്.
ഇപ്പോഴത്തെ കൊഴിഞ്ഞുപോക്ക് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് പറയുന്ന അമരീന്ദര്‍ സിംഗും ഈ ദൗത്യത്തിന് പിന്നിലുണ്ട്. ചിന്തന്‍ ശിബിരത്തിന് പിന്നാലെയുള്ള കൊഴിഞ്ഞു പോക്ക് തടയാന്‍ ദേശീയ നേതൃത്വം ഇടപെടാത്തതില്‍ സംസ്ഥാന ഘടകത്തിന് കടുത്ത അതൃപ്തിയുണ്ട്.ഇതിനിടെ വരുന്ന വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കുതിര കച്ചവടം തടയാന് രാജസ്ഥാന്‍, ഹരിയാന എംഎല്‍എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയ നീക്കവും പൂര്‍ണ്ണമായി വിജയിച്ചിട്ടില്ല.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം പ്രതിഷേധമുള്ള രണ്ടിടങ്ങളിലെയും എംഎല്‍എമാര്‍ റിസോര്‍ട്ടുകളിലെത്തിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam