പ്രതിപക്ഷനേതാവ് ആര്? ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍

By Web TeamFirst Published May 18, 2021, 9:17 PM IST
Highlights

ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗെയും വി വൈത്തിലിംഗവും എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവിൽ ഒറ്റപ്പേരിലേക്കെത്തിയില്ല. 

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ആരെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഉടൻ അന്തിമ തീരുമാനമെടുക്കും. എ ഗ്രൂപ്പിലെ ഒരു വിഭാഗം തുണച്ചെങ്കിലും പാർട്ടിയുടെ മുഴുവൻ എംഎൽമാരും ചെന്നിത്തലയെ പിന്തുണച്ചില്ല. ഒരു വിഭാഗം എംഎൽഎമാർ വിഡി സതീശന്‍റെ പേരാണ് ഹൈക്കമാൻഡ് പ്രതിനിധികൾക്ക് മുന്നിൽ പറഞ്ഞത്. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗെയും വി വൈത്തിലിംഗവും എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവിൽ ഒറ്റപ്പേരിലേക്കെത്തിയില്ല. 

നിർണ്ണായക കൂട്ടിക്കാഴ്ചക്ക് മുമ്പ് എ ഗ്രൂപ്പിൽ നിന്നും ഭൂരിപക്ഷം അംഗങ്ങളും ചെന്നിത്തലയെ തുണക്കാൻ തീരുമാനിച്ചു. അപ്പോഴും ചില യുവ എംഎൽഎമാർ ഗ്രൂപ്പ് തീരുമാനത്തെ എതിർത്തു. ഐ ഗ്രൂപ്പിലെ 12 പേരുടയും പൂർണ്ണ പിന്തുണ ചെന്നിത്തലക്ക് കിട്ടിയില്ല. രണ്ട് ഗ്രൂപ്പിലെയും അംഗങ്ങൾ ഒറ്റക്ക് ഒറ്റക്കുള്ള കൂടിക്കാഴ്ചയിൽ സതീശന്‍റെയും പേര് നിർദ്ദേശിച്ചു. കൂടുതൽ അംഗങ്ങളുടെ പിന്തുണ ചെന്നിത്തലക്കാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വിശദീകരണം. 

പക്ഷെ നമ്പ‍ർ കണക്കിനപ്പുറം മാറ്റത്തിനായി ഉയർന്ന നിർദ്ദേശങ്ങളും ഹൈക്കമാൻഡിന് കാണാതിരിക്കാനാകില്ല. എംപിമാരും പറഞ്ഞത് ഒറ്റപ്പേരല്ല. ഈ സാഹചര്യത്തിൽ ചർച്ചകളുടെ വിശദാംശങ്ങൾ ചേർന്ന് ഖാർഖെയും വൈത്തിലിംഗവും നൽകുന്ന റിപ്പോർട്ട് പരിഗണിച്ചാകും ഹൈക്കമാൻഡിന്‍റെ അന്തിമതീരുമാനം. 

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് എ  ഗ്രൂപ്പ് നോമിനിക്ക് ഐ ഗ്രൂപ്പിന്‍റെ പിന്തുണ കൂടി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് എ ഗ്രൂപ്പ് ചെന്നിത്തലയ്ക്ക് അനുകൂല നിലപാടിലേക്ക് നീങ്ങാൻ കാരണം. കെ സി ജോസഫിന്‍റെ പേര് എ ഗ്രൂപ്പ് മുല്ലപ്പള്ളിക്ക് പകരം ഉയർത്തുന്നുണ്ടെങ്കിലും ഇനി ഇത്തരം പാക്കേജൊന്നും ഹൈക്കമാൻഡ് അംഗീകരിക്കാനുള്ള സാധ്യതയില്ല.

click me!