
തിരുവനന്തപുരം : സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും മുതിർന്ന നേതാവ് കെ.വി.തോമസിനെ കോൺഗ്രസ് ഹൈക്കമാൻഡ് വിലക്കിയിരുന്നു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനം നാളെ അറിയിക്കാമെന്നുമാണ് കെ.വി തോമസ് പ്രതികരിച്ചത്. ഇതിന് പിന്നാലെ സിപിഎമ്മിനോട് അടുക്കരുതെന്ന് അടുത്തിടെ സിപിഎം വിട്ട ചെറിയാന്‍ ഫിലിപ്പ് കെവി തോമസിന് മുന്നറിയിപ്പ് നല്‍കി. സിപിമ്മിന്റെ പ്രണയ തട്ടിപ്പിൽ ദയവായി കുടുങ്ങരുത്, പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.
' സിപിഎമ്മിന്‍റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുത്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല'- ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസവും ചെറിയാന്‍ ഫിലിപ്പ് രംഗത്ത് വന്നിരുന്നു. ലോക്സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിന്‍റെയും വോട്ടുവിഹിതത്തിന്‍റെയും മാനദണ്ഡപ്രകാരം സിപിഎമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സിപിഎം ഇപ്പോൾ കേരളത്തിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക കക്ഷിയാണ്. ദേശീയ കക്ഷിയായി പിടിച്ചു നിൽക്കുന്നതിനുള്ള അടവുനയത്തെക്കുറിച്ചാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് ചർച്ച. കോൺഗ്രസുമായി സഖ്യം വേണോ ധാരണ വേണോ എന്നതാണ് മുഖ്യവിഷയം. സിപിഎമ്മിന്‍റെ കേരള ഘടകം മാത്രമാണ് ബിജെപിയോടൊപ്പം ചേർന്ന് കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്നത്.
Read More : പാർട്ടി കോൺഗ്രസുമായി സഹകരിക്കേണ്ടെന്ന് തരൂരിനോടും കെ.വി.തോമസിനോടും ഹൈക്കമാൻഡ്
എകെജി പ്രതിപക്ഷ നേതാവായിരുന്ന ലോക്സഭയിൽ സിപിഎം ഇപ്പോൾ പന്ത്രണ്ടാം കക്ഷിയാണ്. വോട്ടു വിഹിതം 10ൽ നിന്നും 1.75 ശതമാനമായി ഇടിഞ്ഞു. ലോക്സഭയിൽ മൂന്ന് സീറ്റും വിവിധ നിയമസഭകളിൽ 88 സീറ്റും മാത്രമാണ് ഇപ്പോഴുള്ളത്. ഈ സീറ്റുകൾ നേടിയത് കോൺഗ്രസുമായും ഇതര കക്ഷികളുമായി സഖ്യമുണ്ടായിയാണ്. 2004 ൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോഴാണ് സിപിഎമ്മിന് ലോക്സഭയിൽ 43 സീറ്റുകൾ ലഭിച്ചത്. കോൺഗ്രസ് ബന്ധം വിച്ഛേദിച്ചതോടെ സിപിഎം മിക്ക സംസ്ഥാനങ്ങളിലും വട്ടപൂജ്യമായെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam