2024 ൽ ദേശീയ തലത്തിൽ കോൺഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യം കേന്ദ്രത്തിൽ ഉണ്ടാകേണ്ടതുണ്ട്. അതിന് സി പി എം പിന്തുണയും അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ വിളിച്ചിരിക്കുന്നത്. പാർട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ല. 

കൊച്ചി: കണ്ണൂരിൽ (Kannur) നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് (CPM Party Congress) സെമിനാറിൽ പങ്കെടുക്കുന്നത് തള്ളാതെ കോൺ​ഗ്രസ് നേതാവ് കെ വി തോമസ് (K V Thomas) . അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.വി തോമസ് പറഞ്ഞു.

2024 ൽ ദേശീയ തലത്തിൽ കോൺഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യം കേന്ദ്രത്തിൽ ഉണ്ടാകേണ്ടതുണ്ട്. അതിന് സി പി എം പിന്തുണയും അനിവാര്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ വിളിച്ചിരിക്കുന്നത്. പാർട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ല. വിഷയത്തെപറ്റി അറിവുള്ളയാൾ എന്ന നിലയിൽ കൂടിയാണ് വിളിച്ചത് എന്നും കെ വി തോമസ് പറഞ്ഞു. 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് കെ വി തോമസിനോട് ഹൈക്കമാൻഡ് ആവർത്തിച്ച് നിർദ്ദേശിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് കെവി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് സിപിഎം നേതൃത്വം വിശദീകരിച്ചതിന് പിറകെയാണ് ഹൈക്കമാൻഡ് ഇന്നലെ തീരുമാനം വ്യക്തമാക്കിയത്. രണ്ടാം തവണയും അനുവാദം തേടി കത്ത് അയച്ച കെ വി തോമസിന്‍റെ നടപടിയിൽ സംസ്ഥാന കോൺഗ്രസ്സിൽ കടുത്ത അതൃപ്തി ഉയർന്നിരുന്നു.

പാർട്ടി കോൺഗ്രസ്സിന്‍റെ ഭാഗമായ സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ച വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന് ഒപ്പമാണെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നൽകുന്നത്. ഇക്കാര്യത്തില്‍ ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലന്നും സെമിനാറിൽ പങ്കെടുക്കേണ്ടെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. 

കോൺഗ്രസ് വിലക്ക് ലംഘിച്ച് കെവി തോമസ് സെമിനാറിൽ എത്തുമെന്ന, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാന്‍റെ പ്രതികരണത്തോടെയാണ് വീണ്ടും വിഷയം സജീവമായത്. അനുമതി തേടി സോണിയാഗാന്ധിയ്ക്ക് വീണ്ടും കത്തയച്ചിട്ടുണ്ടെന്ന് കെ വി തോമസ് പ്രതികരിച്ചതോടെ വിവാദം മുറുകി. കെ വി തോമസിന്‍റെ നടപടിയിൽ കടുത്ത് എതിർപ്പുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ഒരിക്കൽ അനുമതി തള്ളിയ വിഷയത്തിൽ വീണ്ടും കത്തയക്കുന്നത് മറ്റ് താൽപ്പര്യം മുൻനിർത്തിയാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. 

Read Also: ആർഎസ്എസ് സ്വാധീനം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയം; അംഗത്വത്തിൽ ഇടിവെന്നും സിപിഎം സംഘടന റിപ്പോർട്ട്

ആർഎസ്എസ് (RSS) സ്വാധീനം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് സിപിഎം (CPM) സംഘടനാ റിപ്പോർട്ട്. പശ്ചിമബം​ഗാളിലും ത്രിപുരയിലും ബിജെപിയുടെ (BJP) വളർച്ച തിരിച്ചറിഞ്ഞില്ല. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് പകരം മറ്റ് പാർട്ടികളെ എതിർക്കുന്നുവെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. 

ആർഎസ്എസിനെക്കുറിച്ചുള്ള പഠനം പാർട്ടി ക്ലാസിൽ നിർബന്ധമാക്കണം. പുതിയ സിസി തെറ്റുതിരുത്തൽ രേഖ നടപ്പാക്കണം. ഛത്തീസ്​ഗഡിലും മഹാരാഷ്ട്രയിലും വിഭാ​ഗീയത തുടരുന്നുണ്ട്. കർണാടകത്തിൽ സംസ്ഥാന സെക്രട്ടറിയെ മാറ്റി. ചില സംസ്ഥാനങ്ങളിൽ പാർട്ടി ഫണ്ടിൽ തിരിമറിയുണ്ടായി. 

പാർട്ടി അംഗത്വത്തിൽ ഇടിവെന്നും സിപിഎം സംഘടന റിപ്പോർട്ട് പറയുന്നു. കേരളത്തിൽ പശ്ചിമ ബംഗാളിൻറെ മൂന്നിരട്ടി അംഗങ്ങൾ ഉണ്ട്. സിപിഎം അംഗങ്ങളുടെ ആകെ എണ്ണം 9,85,757 ആണ്. ഇതിൽ 5, 27, 174 പേർ കേരളത്തിൽ നിന്നാണ്. പശ്ചിമ ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു. 31 വയസിനു താഴെയുള്ളവരുടെ എണ്ണത്തിൽ കേരളത്തിൽ നേരിയ വർദ്ധനയുണ്ട്. കേരളത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ശരാശരി പ്രായം 63 ആയി. പ്രായപരിധി കാരണം ഒഴിയേണ്ടി വന്നാലും ചില‍ർക്ക് ചുമതലകൾ നല്കണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.