
തൃശ്ശൂർ: തൃശ്ശൂർ അടാട്ട് പഞ്ചായത്തിലെ കോൺഗ്രസ് നേതാവ് ഹരീഷ് ബിജെപിയിൽ ചേർന്നു. അടാട്ട് പഞ്ചായത്തിൽ അനിൽ അക്കര പണം വാങ്ങി സ്ഥാനാർത്ഥിയെ നിർത്തുകയാണെന്ന് ഹരീഷ് ആരോപിച്ചു. സിപിഎം- കോൺഗ്രസ് അന്തർധാര സജീവമാണ്. പതിനാലാം വാർഡിൽ ഡിസിസി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി. 13ന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകും. അനിൽ അക്കര ഇടപെടുന്ന എല്ലാ വിഷയവും സെറ്റിൽമെന്റിന്റേതാണെന്നും ഹരീഷ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണനാണ് ഹരീഷ് ബിജെപിയിൽ ചേർന്നതായി അറിയിച്ചത്.
അനിൽ അക്കര ഇനി മുതൽ ബ്രൈബ് സെറ്റിൽമെന്റ് മാൻ എന്നറിയപ്പെടുമെന്നും ഇയാളുടെ സെറ്റിൽമെന്റിൽ മനം മടുത്താണ് ഹരീഷ് ബിജെപിയിൽ ചേർന്നതെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു. അതേസമയം, ശബരിമല തീർത്ഥാടകരെ സർക്കാർ ചതിക്കുകയാണെന്നും സന്നിധാനത്തെ തിരക്ക് കണ്ട് ദേവസ്വം പ്രസിഡന്റ് പകച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. ഭക്തജന തിരക്ക് കണ്ട് പകച്ചു പോകുന്ന പ്രസിഡന്റിനെ വെച്ച് എങ്ങനെ മുന്നോട്ട് പോകും? വിരി വെക്കാൻ പോലുമാകാതെ ഭക്തർ തിരിച്ചു പോകുന്നു. സർക്കാർ ഭക്തരെ വഞ്ചിക്കുകയാണ്. അയ്യപ്പന്മാർക്ക് സഹായം ചെയ്യാത്ത സർക്കാരാണിത്. അഴിമതിക്കെതിരെ ബിജെപി ഒപ്പുശേഖരണം ആരംഭിച്ചെന്നും ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ വേണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.