എന്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി; വിശദീകരണവുമായി കനയ്യകുമാർ 

By Web TeamFirst Published Sep 27, 2022, 2:06 PM IST
Highlights

രാജസ്ഥാനിലെ പ്രശ്നം പാർട്ടി പരിഹരിക്കും. നിലവിലെ പ്രശ്നങ്ങൾ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. രാജസ്ഥാനിലെ പ്രശ്നങ്ങള്‍ ആശങ്കപ്പെടുത്തുന്നില്ല. ഭാരത് ജോഡോ യാത്ര രാജ്യത്തു മാറ്റം കൊണ്ടുവരുമെന്നും കനയ്യകുമാര്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് യുവ നേതാവ് കനയ്യകുമാര്‍.  ഏഷ്യാനെറ്റ്‌ ന്യൂസിനോടാണ് കനയ്യകുമാര്‍ പ്രതികരിച്ചത്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുമെന്നും അതിന്‍റെ ഭാഗമാണ് ഇന്നലെ ഗുരുവായൂരിൽ പോയതെന്നും കനയ്യ വ്യക്തമാക്കി. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർഥ മതേതരരെന്നും അദ്ദേഹം പറഞ്ഞു.  രാജസ്ഥാനിലെ പ്രശ്നം പാർട്ടി പരിഹരിക്കും.

നിലവിലെ പ്രശ്നങ്ങൾ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. രാജസ്ഥാനിലെ പ്രശ്നങ്ങള്‍ ആശങ്കപ്പെടുത്തുന്നില്ല. ഭാരത് ജോഡോ യാത്ര രാജ്യത്തു മാറ്റം കൊണ്ടുവരുമെന്നും കനയ്യകുമാര്‍ പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവായ കനയ്യകുമാര്‍, നേരത്തെ സിപിഐയുടെ തീപ്പൊരി നേതാവായിരുന്നു. ജെഎന്‍യു സമരനായകന്‍ എന്ന നിലയിലാണ് കനയ്യ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. 

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ്  കനയ്യ കുമാര്‍ ഗുരുവായൂര്‍ സന്ദര്‍ശനം നടത്തിയത്. ജോഡോ യാത്രക്കായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു കനയ്യ കുമാറിന്‍റെ ഗുരുവായൂര്‍ സന്ദര്‍ശനം. തനതായ കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്‍കുന്ന ചിത്രം കനയ്യ കുമാര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. 

ജോഡോ യാത്രയുടെ ഓരോ ദിവസത്തെ പര്യടനത്തിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ കനയ്യ പങ്കുവെക്കുന്നുണ്ട്. മുന്‍ കെപിസിസി സെക്രട്ടറി എ. പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.എസ്. സൂരജ് എന്നിവര്‍ക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്. ജെഎന്‍യു സമരനായകന്‍ എന്ന നിലയിലാണ് കനയ്യ കുമാറിന്‍റെ പേര് രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നീട് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമായ കനയ്യ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍  ബെഗുസരായില്‍ നിന്ന് മത്സരിച്ചിരുന്നു. ഒടുവില്‍ സിപിഐയുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

കേരള സ്റ്റൈലില്‍ കണ്ണനെ കാണാന്‍ കനയ്യ കുമാര്‍ ഗുരുവായൂരില്‍; സന്ദര്‍ശനം ജോഡോ യാത്രക്കിടെ

click me!