Asianet News MalayalamAsianet News Malayalam

കേരള സ്റ്റൈലില്‍ കണ്ണനെ കാണാന്‍ കനയ്യ കുമാര്‍ ഗുരുവായൂരില്‍; സന്ദര്‍ശനം ജോഡോ യാത്രക്കിടെ

ജോഡോ യാത്രക്കായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു കനയ്യ കുമാറിന്‍റെ ഗുരുവായൂര്‍ സന്ദര്‍ശനം. തനതായ കേരളീയ വേശത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്‍കുന്ന ചിത്രം കനയ്യ കുമാര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Kanhaiya Kumar visits Guruvayur temple
Author
First Published Sep 26, 2022, 4:44 PM IST

തൃശൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്ന ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാര്‍ ഗുരുവായൂര്‍ സന്ദര്‍ശനം നടത്തി. ജോഡോ യാത്രക്കായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു കനയ്യ കുമാറിന്‍റെ ഗുരുവായൂര്‍ സന്ദര്‍ശനം. തനതായ കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്‍കുന്ന ചിത്രം കനയ്യ കുമാര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ജോഡോ യാത്രയുടെ ഓരോ ദിവസത്തെ പര്യടനത്തിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കനയ്യ പങ്കുവയ്ക്കുന്നുണ്ട്. മുന്‍ കെപിസിസി സെക്രട്ടറി എ.പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.എസ് സൂരജ് എന്നിവര്‍ക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്.

ജെഎന്‍യു സമരനായകന്‍ എന്ന നിലയിലാണ് കനയ്യ കുമാറിന്‍റെ പേര് രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നീട് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമായ കനയ്യ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍  ബെഗുസരായില്‍ നിന്ന് മത്സരിച്ചിരുന്നു. ഒടുവില്‍ സിപിഐയുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളം വിടും മുന്നേ, കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ് രാജസ്ഥാനിലെ രാഷ്ട്രീയ 'നാടകം'. കോൺഗ്രസ് അധ്യക്ഷനാക്കാൻ നിശ്ചയിച്ച അശോക് ഗെലോട്ട് രായ്ക്കു രാമാനം രാജസ്ഥാനിൽ നടത്തിയ അട്ടിമറി നീക്കം യാത്രയുടെ തന്നെ ശോഭ കെടുത്തുമോ എന്ന ആശങ്കയിലാണ് നേതാക്കൾ.

കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര കേരളത്തിൽ പ്രവേശിച്ചതിന് പിന്നാലെ, ഗോവയിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയത് രാഷ്ട്രീയ എതിരാളികൾ ആഘോഷമാക്കിയിരുന്നു. അതിന്റെ ചൂടാറും മുമ്പാണ് രാജ്യത്ത് കോൺഗ്രസ് ഭരണം ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒന്നിൽ കൂടി പ്രതിസന്ധി നേരിടുന്നത്. 

'ഭാരത് ജോഡോ യാത്ര കേരളം വിട്ടില്ല', 'രാജസ്ഥാനും കയ്യാലപ്പുറത്ത്'; കടുത്ത സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്

Follow Us:
Download App:
  • android
  • ios