'കട്ടവന്മാർ തന്നെ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ'; പാർലമെൻ്റ് സമ്മേളനത്തിൽ കണക്ക് ചോദിക്കുമെന്ന് കെ സി വേണുഗോപാൽ

Published : Jul 13, 2026, 02:26 PM IST
K C Venugopal

Synopsis

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കെ സി വേണുഗോപാൽ എംപി. കട്ടവന്മാർ തന്നെ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ എന്നും കെ സി വേണുഗോപാൽ ചോദിച്ചു.

കണ്ണൂർ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പാർലമെന്റ് സമ്മേളനത്തിൽ കണക്ക് ചോദിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. കട്ടവന്മാർ തന്നെ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ എന്ന് ചോദിച്ച കെ സി വേണുഗോപാൽ, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയും സംഘപരിവാറും നേതൃത്വം നൽകുന്ന അമ്പലക്കൊള്ളയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം. ഇത് വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. ഇതിനെതിരെ കോൺഗ്രസ് വിശ്വാസികളെ സംഘടിപ്പിച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ പോകുകയാണ്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. 20-ാം തീയതി പാർലമെൻ്റ് സമ്മേളനം നടക്കുമ്പോൾ കണക്ക് ചോദിച്ചിരിക്കും. കട്ടവന്മാർ തന്നെ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ? ബിജെപിക്ക് വിശ്വാസം എന്നാൽ കക്കാനും വിഭജിക്കാനും മാത്രമാണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

രാജ്യത്തെ രാഷ്ട്രീയ പാർട്ടികളെ ബിജെപി പിളർത്തുന്നതിൽ അത്ഭുതം തോന്നുകയാണ്. ബിജെപിയെ ശക്തമായി വിമർശിച്ചിരുന്ന 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ഒരു സുപ്രഭാതത്തിൽ ബിജെപിയുടെ ബന്ധുക്കളായി മാറിയത് എങ്ങനെയാണ്? അതിന് പിന്നിൽ ഭീഷണിയും വിരട്ടലുമാണ്. ശിവസേനയിലും ആം ആദ്മി പാർട്ടിയിലും പിളർപ്പ് നടന്നു. മണ്ഡലപുനർനിർണയ ബില്ല് പാസാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് അട്ടിമറി നടത്തി എല്ലാക്കാലത്തും ഈ രാജ്യം ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സംസ്ഥാനത്തെ പ്ലീഡർ നിയമനത്തെ തുടർന്നുള്ള വിവാദങ്ങളിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. കോൺഗ്രസിന് കോൺഗ്രസിൻ്റേതായ വ്യവസ്ഥാപിതമായ നയങ്ങളും പരിപാടികളും ലക്ഷ്യങ്ങളമുണ്ട്. അതിനുസരിച്ചേ സർക്കാർ പ്രവർത്തിക്കൂ എന്നും കെ സി വേണുഗോപാൽ പറഞ്ഞു. എം ആർ അജിത് കുമാർ വിഷയത്തിൽ നിയമപരമായ പരിശോധന നടത്താനുള്ള സാവകാശം സർക്കാരിന് നൽകണം. കുറ്റം ചെയ്തവർ ആരായാലും നിയമപത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടി ഉണ്ടാകണം. കെ പി സി സി പ്രസിഡന്റ്‌ സ്ഥാനം സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും തീരുമാനം വൈകിയിട്ടില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൗരത്വ നിർണയം നീതിപൂർവമാകണമെന്ന് സുപ്രീം കോടതി, അസമിൽ 27 പേർ വിദേശികളാണെന്ന ഉത്തരവ് റദ്ദാക്കി
ആലപ്പുഴയിൽ സിപിഎം സുധാകരൻ പോര് ആളിക്കത്തുന്നു, തോട്ടപ്പള്ളിയിൽ സുധാകരന്റെ പ്രസംഗം തടസ്സപ്പെടുത്തി സിപിഎം