
തിരുവനന്തപുരം: പുനസംഘടനക്ക് പിന്നാലെ പൊട്ടിത്തെറി രൂക്ഷമായ കോൺഗ്രസിൽ അനുനയനീക്കവുമായി ഹൈക്കമാൻഡ്. വിഎം സുധീരന് പിന്നാലെ രമേശ് ചെന്നിത്തലയുമായും എഐസിസി പ്രതിനിധി താരീഖ് അൻവർ ചർച്ച നടത്തി. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അതിനുള്ള സാഹചര്യം ഒരുക്കാൻ എഐസിസി മുൻകൈയ്യെടുക്കണമെന്നും ചർച്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ആരെയും ഇരുട്ടിൽ നിർത്തുന്നത് ശരിയല്ല. മുതിർന്ന നേതാക്കളായ വിഎം സുധീരനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡ് നീക്കവും പാളി. എഐസിസി ജനറൽ സെക്രട്ടരി താരിഖ് അൻവർ വീട്ടിലെത്തി ചർച്ച നടത്തിയിട്ടും രാജി പിൻവലിക്കില്ലെന്ന് സുധീരൻ വ്യക്തമാക്കി. പുതിയ കെപിസിസി നേതൃത്വത്തിന് തെറ്റായ ശൈലിയാണെന്നും സുധീരൻ പ്രതികരിച്ചു.
ഇന്നലെ താരിഖ് അൻവർ സുധീരനെ കാണാനിരുന്നതാണ്. എന്നാൽ സതീശൻറെ അനുനയം പാളിയതോടെ കെപിസിസി നേതൃത്വം ഇടപെട്ട് കൂടിക്കാഴ്ച മാറ്റിയെന്നാണ് വിവരം. ഒടുവിൽ സ്ഥിതി രൂക്ഷമാകുന്നത് വിലയിരുത്തി സംസ്ഥാന നേതൃത്വത്തിൻറെ എതിർപ്പ് മറികടന്നാണ് താരിഖ് അൻവർ സമവായ ചർച്ചക്കിറങ്ങിയത്. സംസ്ഥാനത്തെ രൂക്ഷമായ പ്രതിസന്ധിയെ കുറിച്ച് താരിഖ് അനവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. പ്രശ്ന പരിഹാരത്തിനുള്ള ദില്ലി ഇടപെടലാണ് വിമർശനം ഉന്നയിച്ചവർ കാത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam