കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

Published : Oct 27, 2022, 12:02 PM ISTUpdated : Oct 27, 2022, 03:03 PM IST
കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

Synopsis

തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരെ വാശിയേറിയ മത്സരം കാഴ്ച വെച്ചതിലൂടെ ശ്രദ്ധേയനായ പാച്ചേനി 2016 മുതൽ 2021 വരെ ഡിസിസി അധ്യക്ഷനുമായിരുന്നു. 

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം രണ്ട് മണിയോടെ പാച്ചേനിയിലെ കുടുംബ വീട്ടിൽ കൊണ്ടുപോകും. നാളെ രാവിലെ 7 ന് ഡിസിസി ഓഫീസിൽ പൊതുദർശനം. സംസ്കാരം 11.30 ന് പയ്യാമ്പലത്ത് നടക്കും.

2001 ൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരെ വാശിയേറിയ മത്സരം കാഴ്ച വെച്ചതിലൂടെ ശ്രദ്ധേയനായ പാച്ചേനി 2016 മുതൽ 2021 വരെ കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്നു. അഞ്ചുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചു. 1996 ൽ തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് കന്നിയംഗത്തിൽ ഗോവിന്ദൻ മാസ്റ്ററോട് തോറ്റു. 1999 ൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റായി. കോൺഗ്രസിൽ എ ഗ്രൂപ്പിലായിരുന്നു. 2016 ൽ കണ്ണൂർ ജില്ലയിലെ കോൺഗ്രസിന്‍റെ അമരക്കാരനായതോടെ സുധാകര പക്ഷത്തേക്ക് ചാഞ്ഞു.

2001ല്‍ നിയമസഭയിലേക്ക് മലമ്പുഴയിൽ മത്സരിക്കുന്ന വി എസിനെ നേരിടാൻ കോൺഗ്രസ് കണ്ടുവച്ചത് സതീശന്‍ പാച്ചേനിയെയായിരുന്നു. 25000 ത്തിലേറെ വോട്ടിന് ഇടത് സ്ഥാനാർത്ഥികൾ പുഷ്പം പോലെ ജയിച്ചിരുന്ന മലമ്പുഴയിൽ വിഎസിന്‍റെ ഭൂരിപക്ഷം വെറും 4703 ആയി. 2006 ലും കൊമ്പുകോർത്തെങ്കിലും വി എസ് പാച്ചേനിയെ നിലംപരിശാക്കി. 2009 ൽ പാലക്കാട് നിന്ന് ലോക്സഭയിലേക്ക് ഒരു കൈനോക്കിയെങ്കിലും ക്ലച്ച് പിടിക്കാതെ പാച്ചേനി കണ്ണൂർക്ക് മടക്ക ടിക്കറ്റെടുത്തു. 

2016 കോൺഗ്രസ് സിറ്റിംഗ് മണ്ഡലമായ കണ്ണൂരിൽ ഇറങ്ങുമ്പോൾ നിയമസഭാ പ്രവേശം ഉറപ്പിച്ചതാണ് . പക്ഷേ 1196 വോട്ടിന് കടന്നപ്പള്ളിയോട് തോറ്റു. തോൽക്കുന്ന പാച്ചേനിക്ക് കണ്ണൂരിലിനി സീറ്റ് നൽകരുതെന്ന് പാർട്ടിക്കുള്ളിലെ എതിരാളികൾ വാശിപിടിച്ചെങ്കിലും 2021 ലും ടിക്കറ്റ് കിട്ടി. പക്ഷേ ഇക്കുറിയും തോറ്റു. പാർട്ടിക്കുള്ളിലുള്ളവർ കാലുവാരി തോൽപിച്ചതാണെന്ന പരിഭവം പാച്ചേനിക്കുണ്ടായിരുന്നു. നിയമസഭയിൽ ഒരു തവണയെങ്കിലും ഇരിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് പാച്ചേനി മടങ്ങിപ്പോകുന്നത്.

പാച്ചേനിയെന്ന കമ്യൂണിസ്റ്റ് മണ്ണിൽ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്‍റെ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാ സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, സാക്ഷാൽ ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്‍റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ ത്രിവർണകൊടി പിടിച്ചുതുടങ്ങിയത്. ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായെങ്കിലും സംഘടന പ്രവ‍‍ർത്തനം നിർത്തിയില്ല. സിപിഎമ്മിന്‍റെ അധീശത്വമുള്ള കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടർക്കഥയായിരുന്ന സമയത്ത് പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം കൊടുക്കാൻ ഓരോ ഇടങ്ങളിലും പാച്ചേനി ഓടിയെത്തി.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ