കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിലേക്കേ ചേക്കേറിയ മകനെ പക്ഷേ വീട്ടുകാര്‍ അംഗീകരിച്ചില്ല. പാച്ചേനിയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. അതും പോരാഞ്ഞ് റേഷന്‍ കാര്‍ഡില്‍ നിന്ന് പോലും പേര് വെട്ടി. പക്ഷേ, തന്‍റെ ആദര്‍ശം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല.  

ടിയന്തരാവസ്ഥയുടെ ദുരുപയോഗത്തിനെതിരെ 1977–78 ലെ ഗുവാഹത്തി എഐസിസി സമ്മേളനത്തിൽ എ കെ ആന്‍റണി നടത്തിയ ഇന്ദിരാ വിമര്‍ശനത്തില്‍ ആകൃഷ്ടനായി കമ്മ്യൂണിസത്തിന് ഏറെ വളക്കൂറുള്ള കണ്ണൂരില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി, പിന്നീട് ആ വിദ്യാര്‍ത്ഥി സതീശന്‍ പാച്ചേനി എന്ന് അറിയപ്പെട്ടു. കോണ്‍ഗ്രസിലെ ആദര്‍ശ രാഷ്ട്രീയത്തിന്‍റെ വക്താവായ എ കെ ആന്‍റണി മൂന്നോട്ട് വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവായിരുന്നു ആ വിദ്യാര്‍ത്ഥിയെ അന്ന് ആകര്‍ഷിച്ചത്. ആ ആദര്‍ശ ബോധമാകാം സിപിഎമ്മിലെ ശക്തമായ മത്സരാര്‍ത്ഥികളോട്, അതിലേറെ ശക്തമായ തെരഞ്ഞെടുപ്പ് മത്സരം കാഴ്ചവയ്ക്കാന്‍ സതീശന്‍ പാച്ചേനിയെ പ്രാപ്തനാക്കിയതും.

കണ്ണൂരിലെ പ്രമാദമായ മാവിച്ചേരി കേസിലെ പ്രതിയും കണ്ണൂരിലെ കര്‍ഷക പോരാട്ടങ്ങള്‍ക്ക് ഒരു കാലത്ത് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടന്‍റെ കൊച്ചു മകനായിരുന്നു സതീശന്‍. അച്ഛന്‍, പരേതനായ പാലക്കീല്‍ ദാമോദരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളിയുമായിരുന്നു. അമ്മ മാനിച്ചേരി നാരായണി. ഇരുവരുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് സതീശന്‍ പാച്ചേനിയുടെ ജനനം. 

പാച്ചേനി സർക്കാർ എൽപി സ്കൂളിൽ പ്രാഥമിക പഠനം. പിന്നീട് ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടിയ സതീശന്‍, കണ്ണൂർ സർക്കാർ പോ‌ളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടി. ഹൈസ്കൂള്‍ പഠന കാലത്താണ് കെ എസ് യുവിന്‍റെ രൂപീകരണം. അന്ന് സ്കൂളില്‍ കെഎസ്‌യു യൂണിറ്റിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 

പിന്നീടങ്ങോട് പഠന കാലത്തെല്ലാം കെഎസ്‍യുവിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ്, കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി. ഒടുവില്‍ 1999 ൽ കെഎസ്‍യുവിന്‍റെ സംസ്ഥാന പ്രസിഡന്‍റ്. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിലേക്കേ ചേക്കേറിയ മകനെ പക്ഷേ വീട്ടുകാര്‍ അംഗീകരിച്ചില്ല. പാച്ചേനിയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. അതും പോരാഞ്ഞ് റേഷന്‍ കാര്‍ഡില്‍ നിന്ന് പോലും പേര് വെട്ടി. പക്ഷേ, തന്‍റെ ആദര്‍ശം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 

YouTube video player

കെഎസ്‍യുവില്‍ നിന്നും നേരിട്ട് കെപിസിസി സെക്രട്ടറിയായി കോൺഗ്രസ് സംഘടനാ തലപ്പത്തേക്കാണ് സതീശന്‍ പാച്ചേനി നടന്ന് കയറിയത്. 2001 മുതല്‍ 2012 വരെ 11 വര്‍ഷക്കാലം തുടര്‍ച്ചയായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു സതീശന്‍ പാച്ചേനി. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്‍റ്. കണ്ണൂർ ഡിസിസി ഓഫിസ് കെട്ടിടമായ ‘കോൺഗ്രസ് ഭവൻ’ നിര്‍മ്മിച്ചത് ഇക്കാലത്താണ്. പക്ഷേ, തന്‍റെ ആദര്‍ശ രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍, ആ പരാജയങ്ങളെല്ലാം അതിശക്തമായ മത്സരം കാഴ്ചവച്ച ശേഷമാണെന്ന് പച്ചേനിക്ക് അഭിമാനിക്കാം. 

1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സതീശന്‍ പാച്ചേനി ആദ്യമായി ജനവിധി തേടിയത്. അന്ന് ഗോവിന്ദൻ മാസ്റ്ററോട് തോല്‍വി സമ്മതിച്ചു. അദ്ദേഹം ഏറ്റുമുട്ടിയതില്‍ ഏറ്റവും കരുത്തനായ എതിരാളി വി എസ് അചുതാനന്ദനാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സരം 2001 ല്‍ മലമ്പുഴയിലെ ജനവിധിയായിരുന്നു. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ ആ വോട്ടെണ്ണലില്‍ വി എസിന് വെറും 4,703 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2006 ലും വി എസിനെ നേരിടാന്‍ പാര്‍ട്ടി നിയോഗിച്ചത് സതീശന്‍ പാച്ചേനിയെ. പക്ഷേ, ഇത്തവണ 20,017 വേട്ടിന് സതീശന്‍ പാച്ചേനിക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. 2009 -ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയായ പാലക്കാട് നിന്നും എംബി രാജേഷിനെതിരെ മത്സരിച്ച അദ്ദേഹം വെറും 1,800 ല്‍പ്പരം വോട്ടുകള്‍ക്കാണ് തോല്‍വി സമ്മതിച്ചത്. 

2016 ലും 2021 ലും കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും കടന്നപ്പള്ളി രാമചന്ദ്രനെതിരെ ജനവിധി തേടിയെങ്കിലും വിജയിക്കാന്‍ സതീശന്‍ പാച്ചേനിക്ക് കഴിഞ്ഞില്ല. ഈ രണ്ട് മത്സരങ്ങളിലും കടന്നപ്പള്ളിയുടെ ഭൂരിപക്ഷം ഇടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ആദ്യ കാലത്ത് കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്‍റെ വക്താവായിരുന്നെങ്കില്‍ 2016 ല്‍ ഡിസിസി പ്രസിഡന്‍റായതോടെ അദ്ദേഹം സുധാകര പക്ഷത്തേക്ക് ചാഞ്ഞു. കണ്ണൂരിലെ സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷ കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ ആദ്യം ഓടിയെത്തിയ നേതാവായിരുന്നു സതീശന്‍ പച്ചേനി. തളിപ്പറമ്പ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.

കൂടുതല്‍ വായനയ്ക്ക്: കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു