
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (Thalekkunnil Basheer ) അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് പുലര്‍ച്ചെ 4.20 ഓടെയായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വർഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമജീവിതത്തില്‍ ആയിരുന്നു. കെഎസ്‍യുവിലൂടെയായിരുന്നു ബഷീർ രാഷ്ട്രീയത്തിലേക്കെത്തിയത്. ചിറയിൻകീഴിൽ നിന്ന് ലോക്സഭാംഗമായും, കഴക്കൂട്ടത്ത് നിന്ന് നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് എംഎൽഎ സ്ഥാനം എ കെ ആന്‍റണിക്ക് വേണ്ടി രാജിവെച്ചു. രണ്ടുതവണ രാജ്യസഭാംഗമായും തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ കെപിസിസി ആക്ടിങ് പ്രസിഡന്റായിരുന്നു. കേരള സര്‍വകലാശാലയുടെ ആദ്യ ചെയര്‍മാനായിരുന്നു. പരേതയായ സുഹ്റയാണ് ഭാര്യ. നടന്‍ പ്രേം നസീറിന്‍റെ സഹോദരിയാണ് സുഹ്റ. തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അനുശോചിച്ചു. മരണത്തിൽ ആദരസൂചകമായി കെപിസിസി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. നാളെ രാവിലെ 11 മുതല്‍ 11.30 വരെ കെപിസിസി ആസ്ഥാനത്തും തുടർന്ന് ഡിസിസി ഓഫീസിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് 5 ന് പേരുമല കബർസ്ഥാനിൽ കബറടക്കും.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു തലേക്കുന്നില്‍ ബഷീര്‍. സംഘടനാരംഗത്തും പാര്‍ലമെന്‍ററി രംഗത്തും ഒരുപോലെ തിളങ്ങിയ നേതാവ്. കേരള സര്‍വകലാശാലയുടെ ആദ്യ ചെയര്‍മാനായിരുന്ന ബഷീര്‍ കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് മുതല്‍ കെപിസിസി ആക്ടിങ് പ്രസിഡന്‍റ് വരെയായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെന്നും എ കെ ആന്‍റണിയുടെ വിശ്വസ്തനായിരുന്നു ഈ തലേക്കുന്നുകാരന്‍. 1977 കേരള രാഷ്ട്രീയത്തില്‍ ഒരു ത്യാഗം കുറിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു. രാജന്‍കേസിനെ തുടര്‍ന്ന് കരുണാകരന്‍ രാജിവച്ചപ്പോള്‍ എ കെ ആന്റണിക്ക് മുഖ്യമന്ത്രിയാവാന്‍ ഒരു എംഎല്‍എ രാജിവച്ചൊഴിഞ്ഞ വര്‍ഷം. കന്നിവിജയത്തിന്റെ മധുരം മാറും മുമ്പായിരുന്നു തലേക്കുന്നില്‍ ബഷീര്‍ കഴക്കൂട്ടത്തിന്റെ എംഎല്‍എ സ്ഥാനം രാജിവച്ച് ആന്റണിക്ക് കേരളനിയമസഭയിലേക്ക് വഴിയൊരുക്കിയത്. അന്ന് പ്രായം മുപ്പത്തി ഒന്നുമാത്രം. പകരംകിട്ടിയ പദവിയുമായി രാജ്യസഭയിലേക്കെത്തിയപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞനേതാവെന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.
വെമ്പായം മാണിക്കല്‍ പഞ്ചായത്തില്‍ നിന്ന് നീലപ്പതാകയേന്തി കെഎസ്‍യുവിലൂടെയാണ് ബഷീറിന്റെ വരവ്. ആന്റണി, വയലാര്‍, ഉമ്മന്‍ചാണ്ടി കാലത്ത് തലസ്ഥാനത്തെ സംഘടനാ രാഷ്ട്രീയത്തിന്റെ തല ബഷീറായിരുന്നു. ജില്ലാ അധ്യക്ഷനായും യൂത്തുകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കേരള രാഷ്ട്രീയത്തിലേക്ക് വളര്‍ന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടോളം കെപിസിസിയുടെ നിര്‍വാഹസമിതി അംഗമായിരുന്നു. ജനറല്‍ സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും വര്‍ക്കിങ് പ്രസിഡന്റായും കോണ്‍ഗ്രസില്‍ സജീവമായൊരു കാലത്തെ അടയാളപ്പെടുത്തി. വയലാര്‍ രവിക്ക് പിന്നാലെ എത്തിയാണ് 1984 ല്‍ ചിറയന്‍കീഴിന്റെ എംപിയായയത്. 1989 ല്‍ വിജയം ആവര്‍ത്തിച്ച അദ്ദേഹം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ സുശീല ഗോപാലനോട് 1,106 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എ സമ്പത്തിനോട് തോറ്റാണ് 96 ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അവസാനമാകുന്നത്. പടിപടിയായി ഉയരാനുള്ള രാഷ്ട്രീയവും പദവികള്‍ ഒഴിയാനുള്ള മനസും രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ നിര്‍വികാര മുഹൂര്‍ത്തങ്ങളായി കൊണ്ടുനടന്നൊരു തലയെടുപ്പുള്ള അധ്യായമാണ് തലേക്കുന്നില്‍ ബഷീറിന്റെ വേര്‍പാട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ബാക്കിവയ്ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam