ലീഡറുടെ വിശ്വസ്തന്‍, കോണ്‍ഗ്രസ് നേതാവ് വി ബലറാം അന്തരിച്ചു

By Web TeamFirst Published Jan 18, 2020, 12:50 PM IST
Highlights

രണ്ട് തവണ വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ച് ജയിച്ച ബലറാം എന്നും ലീഡർ കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു.

തൃശൂർ: തൃശൂർ വടക്കാഞ്ചേരി മുൻ എംഎല്‍എയും കോൺഗ്രസ് നേതാവുമായ  വി ബലറാം അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട്. 

വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് വി ബലറാം പൊതുരംഗത്തെത്തിയത്. കെഎസ്‍യു, യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ. സിപിഎമ്മുമായി ചേർന്നുള്ള എ ഗ്രൂപ്പന്റെ കൂട്ടുകെട്ടിൽ വിയോജിച്ച് ഐ ഗ്രൂപ്പിൽ എത്തി. രണ്ട് തവണ വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ച് ജയിച്ച ബലറാം എന്നും ലീഡർ കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു. ലീഡർ പാർട്ടി വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം പോയി. കരുണാകരൻ മടങ്ങിയപ്പോൾ വീണ്ടും കോൺഗ്രസിൽ എത്തി.

മന്ത്രിയായ  കെ മുരളീധരന് വടക്കാഞ്ചേരിയിൽ മത്സരിക്കാൻ 2004 ൽ എംഎല്‍എ സ്ഥാനം രാജിവച്ചു. പ്രത്യുപകാരമായി കോഴിക്കോട് ലോക്സഭാ സീറ്റ് ലഭിച്ചെങ്കിലും പക്ഷേ പരാജയപ്പെട്ടു. കുന്നംകുളത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. കെപിസിസി സെക്രട്ടറി ഡിസിസി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. വി. ബലറാമിന്റെ മരണത്തോടെ തൃശൂരിലെ മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവ് കൂടി വിടപറയുകയാണ്. 
 

click me!