കെഎം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം, സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്ത്

By Web TeamFirst Published Apr 19, 2020, 5:17 PM IST
Highlights

വിഡി സതീശൻ, എപി അനില്‍കുമാര്‍, ഷാഫി പറമ്പിൽ, സണ്ണി ജോസഫ്, റോജി എം ജോൺ, കെഎസ് ശബരീനാഥ്, അന്‍വര്‍ സാദത്ത് എന്നീ എംഎല്‍എമാര്‍ പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് സ്പീക്കര്‍ക്കെതിരായ ആരോപണം. 

തിരുവനന്തപുരം: കെഎം ഷാജി എംഎല്‍എയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നല്‍കിയ നടപടി സ്പീക്കറുടെ നിഷ്പക്ഷതക്ക് ക്ഷതമുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎമാർ രംഗത്ത്. സുപ്രീം കോടതി വിധിക്കും ധാർമിക മൂല്യങ്ങൾക്കും എതിരാണ് സ്പീക്കറുടെ നടപടിയെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. വിഡി സതീശൻ, എപി അനില്‍കുമാര്‍, ഷാഫി പറമ്പിൽ, സണ്ണി ജോസഫ്, റോജി എം ജോൺ, കെഎസ് ശബരീനാഥ്, അന്‍വര്‍ സാദത്ത് എന്നീ എംഎല്‍എമാര്‍ പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് സ്പീക്കര്‍ക്കെതിരായ ആരോപണം. 

കെഎം ഷാജി കോഴ വാങ്ങി, പ്രാഥമിക അന്വേഷണത്തിൽ വ്യക്തമെന്ന് വിജിലൻസ്

സ്പീക്കറുടെ നിഷ്പക്ഷതക്ക് ക്ഷതമുണ്ടാക്കുന്നതാണ് നടപടി. നിയമസഭാ-ലോക്സഭാ അംഗങ്ങള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനും പ്രോസിക്യൂഷനും സ്പീക്കറുടെ അനുമതിവേണമെന്ന് അഴിമതി നിരോധന നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അനാവശ്യ വ്യവഹാരത്തില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുള്ളത്. എന്നാല്‍ പരിശോധന നടത്താതെ വിജിലന്‍സ് മുന്നോട്ട് വെച്ച വാദമുഖങ്ങള്‍ക്ക് താഴെ ഒപ്പുവെക്കുക മാത്രമാണ് സ്പീക്കര്‍ ചെയ്തതെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു. 

കൊവിഡിനെത്തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എംഎല്‍എമാര്‍ മണ്ഡലങ്ങളിലേക്ക് പോകണമെന്ന് സ്പീക്കറടക്കം നിര്‍ദ്ദേശിച്ച മാര്‍ച്ച് 13 ന് തന്നെ അന്വേഷണാനുമതി നല്‍കി. എന്നാല്‍ ആരോപണവിധേയനായ അംഗത്തെപ്പോലും ഇക്കാര്യം അറിയിച്ചില്ല. വാ‍‍ര്‍ത്ത വന്നതിന് ശേഷമാണ് സ്പീക്കറുടെ ഓഫീസില്‍ നിന്നും അനുമതി കൊടുത്ത കാര്യം പുറത്തുവിട്ടതെന്നും എംഎല്‍എമാര്‍ ആരോപിച്ചു. 

click me!