കണ്ണൂർ: കെ എം ഷാജി എംഎൽഎ അഴീക്കോട്ടെ സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വിജിലൻസ് എഫ്ഐആർ. സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഷാജി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. സ്പീക്കർ രാഷ്ട്രീയം കളിക്കുന്നു എന്ന ഷാജിയുടെ ആരോപണത്തിന് നാവിന് എല്ലില്ലെന്ന് കരുതി തോന്നിയത് പറയരുതെന്നായിരുന്നു പി ശ്രീരാമൃഷ്ണന്‍റെ മറുപടി.

ഇതിനിടെ, ഇത്തരത്തിൽ വിജിലൻസിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അനുമതി നൽകുന്നതിന് സ്പീക്കർക്ക് അധികാരമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് തന്നെ കത്ത് നല്‍കിയിട്ടുണ്ട്.

ചെന്നിത്തല പറയുന്നതെന്ത്?

1988-ലെ അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരമാണ് സ്പീക്കര്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് മനസിലാക്കുന്നത്. പക്ഷേ ഈ വകുപ്പനുസരിച്ച് സ്പീക്കര്‍ക്ക് അതിന് അധികാരമില്ലെന്നാണ് ചെന്നിത്തല പറയുന്നത്. ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാംഗത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നാണ് ചെന്നിത്തലയുടെ പക്ഷം. അത് കൊണ്ടു തന്നെ സ്പീക്കര്‍ക്ക് കെ എം ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിന് അധികാരമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 

എന്താണ് കേസ്? വിജിലൻസ് പറയുന്നതെന്ത്?

2013 - 14 കാലയളവിൽ അഴീക്കോട് ഹൈസ്കൂളിൽ ഹയർ സെക്കന്‍ററി വിഭാഗം അനുവദിക്കാൻ എംഎൽഎ 25 ലക്ഷം കൈക്കൂലി വാങ്ങി എന്ന ലീഗ് പ്രാദേശിക നേതാവിന്‍റെ പരാതിയാണ് കേസിന് ആധാരം. ഈ പരാതി സിപിഎം നേതാവ് മുഖ്യമന്ത്രിക്ക് അയച്ചതോടെ വിജിലൻസ് സ്കൂളിലെത്തി 2017ൽ തന്നെ പ്രാഥമിക പരിശോധന നടത്തി. സ്കൂളിലെ വരവ്, ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും 2014-ൽ 30 ലക്ഷവും 2105-ൽ 35 ലക്ഷവും സംഭാവന ഇനത്തിൽ വരുമാനമായി കാണിച്ചിട്ടുണ്ട്.

ഈ വർഷങ്ങളിൽ ചിലവ് ഇനത്തിൽ 35 ലക്ഷം വീതം ചെലവായതായും മനസിലായി. ഈ ചിലവിൽ 25 ലക്ഷം രൂപ ഷാജിക്ക് നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

എംഎൽഎയ്ക്കെതിരെ സാക്ഷിമൊഴികളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും തലശ്ശേരി വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലുണ്ട്. വിജിലൻസ് കണ്ണൂർ ഡിവൈഎസ്പി വി മധുസൂദനനാണ് അന്വേഷണ ചുമതല. കേസെടുത്തെടുത്തെങ്കിലും ലോക്ഡൗണിന് ശേഷമായിരിക്കും അന്വേഷണം തുടങ്ങുകയെന്ന് വിജിലൻസ് അറിയിച്ചിട്ടുണ്ട്.
 
ഇതിനിടെയാണ് അന്വേഷണത്തിന് അനുമതി നൽകിയതിന് തന്നെ വിമർശിച്ച എംഎൽഎയ്ക്ക് നേരെ രൂക്ഷവിമർശനമുയർത്തി സ്പീക്കർ തന്നെ രംഗത്തെത്തുന്നത്.

സ്പീക്കർ സർക്കാരിന്‍റെ നിയമസഭാ നടപടികൾ നടത്തിക്കൊടുക്കേണ്ടയാളാണ്, അല്ലാതെ ബിസിനസ് നടത്തേണ്ടയാളല്ല, എന്ന പ്രതികരണവുമായി വീണ്ടും കെ എം ഷാജി രംഗത്തെത്തി.

സ്പീക്കർക്കെതിരെ കടുത്ത ആരോപണങ്ങൾ കെ എം ഷാജി ഉന്നയിച്ചത് ഇന്നലത്തെ ന്യൂസ് അവറിലാണ്:

കേട്ട് കേൾവിയിൽ കേസ് പാടില്ലെന്ന് നിയമോപദേശം, തള്ളി വിജിലൻസ്

അതേസമയം, കെഎം ഷാജിക്കെതിരെ കേസെടുത്തത് വിജിലൻസ് അഡീഷണൽ ലീഗൽ അഡ്വൈസറുടെ നിയമോപദേശം തള്ളിയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. കേട്ട് കേൾവികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലെന്നായിരുന്നു അഡീഷണൽ ലീഗൽ അഡ്വൈസർ ഒ ശശിയുടെ നിയമോപദേശം. എന്നാൽ നിയമോപദേശം തേടിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിലപാട്. 

എന്നാൽ കെഎം ഷാജിക്കെതിരായെ പരാതിയിൽ വിജിലൻസ് അഡി ലീഗൽ അഡ്വൈസർ നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. പരാതിയും വിജിലൻസ് നൽകിയ റിപ്പോർട്ടും പരിശോധിച്ച ശേഷമാണ് ഈ നിയമോപദേശം തയ്യാറാക്കിയത്. പരാതിക്ക് ആധാരമായ പി കെ നൌഷാദ്, മുഹമ്മദ് കാസിം എന്നിവരുടെ മൊഴികൾ കേട്ട് കേൾവികളാണെന്ന് നിയമോപദേശത്തിൽ പറയുന്നു. അഴിമതി നിരോധനനിയമപ്രകാരം കേസ് നിലനിൽക്കില്ല.

നേരത്തെ ഉമ്മൻ ചാണ്ടിക്കേസിലെ ഹൈക്കോടതിവിധിയും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതിക്കാരനായ പിവി പദ്മനാഭനും കേസിൽ കേട്ടുകേൾവി മാത്രമാണുള്ളത്. ഒപ്പം അദ്ദേഹം പരാതിക്കാരനായി ചൂണ്ടിക്കാട്ടുന്ന ഈ വ്യക്തിക്ക് പരാതിയേയില്ലെന്നതും പ്രസക്തം.

തെളിവുകൾ കൂടുതൽ അന്വേഷണം നടക്കുമ്പോൾ ശേഖരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറയുന്നത്. ഇത് വിചിത്രമായ വാദമാണ്. ഈ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യരുതെന്നും അഡിഷണൽ ലീഗൽ അഡ്വൈസർ നിയമോപദേശത്തിൽ കൃത്യമായി പറയുന്നുണ്ട്. ഈ ഉപദേശം തള്ളിയാണ് കേസുമായി സർക്കാരും വിജിലൻസും മുന്നോട്ട് പോയത്. കേസിൽ നിയമോപദേശം തേടിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മധുസൂദനന്‍റെ നിലപാട്.