
സുൽത്താൻ ബത്തേരി: കോൺഗ്രസിന് മുന്നിലുള്ളത് നൂറു സീറ്റിലെ വിജയം എന്ന ഒറ്റ വഴി എന്ന ആഹ്വാനവുമായി വയനാട്ടിൽ കോൺഗ്രസ് നേതൃ ക്യാമ്പ് ലക്ഷ്യക്ക് തുടക്കം. രണ്ടു ദിവസത്തെ ക്യാമ്പിൽ കെപിസിസി ഭാരവാഹികളും മുൻ ഭാരവാഹികളും എംഎൽഎമാരും എംപിമാരും അടക്കം 158 പേരാണ് പങ്കെടുക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ 100 സീറ്റ് നേടാൻ ലക്ഷ്യമിട്ടുള്ള മിഷൻ 2026 ക്യാമ്പിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. ക്യാമ്പിൽ ഉച്ചയ്ക്കുശേഷം ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചു. മൂന്ന് മേഖലയിലായി തിരിഞ്ഞാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും.
തെക്കൻ മേഖല പിസി വിഷ്ണുനാഥിന്‍റെ അധ്യക്ഷതയിലും മധ്യമേഖല എപി അനിൽകുമാറിന്‍റെയും വടക്കൻ മേഖല ഷാഫി പറമ്പിലിന്‍റെയും അധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുന്നത്. കോൺഗ്രസ് നേതൃയോഗത്തിൽ സുനിൽ കനഗോലുവും പങ്കെടുക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ കെപിസിസി യോഗത്തിലും കനഗോലു പങ്കെടുത്തിരുന്നു. സ്ഥാനാർഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനം കനഗോലുവാണ് നടത്തുന്നത്. ക്യാമ്പ് രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന് മുന്നിലുള്ളത് നൂറു സീറ്റിലെ വിജയം എന്ന ഒറ്റ വഴി മാത്രമാണെന്നും ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥി ആകരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയം അഭിമാനകരമാണെന്നും വരുന്ന തെരഞ്ഞെടുപ്പിലെ വിജയം ഈ നാടിനും പാർട്ടിക്കും ആവശ്യമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. ജന വിരുദ്ധമായ ഒരു സർക്കാരിനെതിരെ അതി ശക്തമായ വികാരമാണ് ഉണ്ടായത്. ബിജെപിയും സിപിഎമ്മും പ്രധാന ശത്രുവായി കാണുന്നത് കോൺഗ്രസിനെയാണ്.
രണ്ട് പാർട്ടികളും ചേർന്നാൽ കോൺഗ്രസ് ജയിക്കുമോ എന്ന് ചിലർ ആശങ്കപ്പെട്ടു. എന്നാൽ, ഒന്നും ഒന്നും രണ്ടല്ല എന്ന് ജനം വിധിയെഴുതി. വിജയത്തിൽ വിനീതരായി കാർക്കശ്യത്തോടെ രാഷ്ട്രീയ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകണം. രണ്ട് പാർട്ടികളും കോൺഗ്രസിലെ അഭിപ്രായ വ്യത്യാസത്തിലൂടെ കച്ചിത്തുരുമ്പ് തേടുകയാണ്. പിണറായിക്കോൾ ശക്തരായ പത്ത് നേതാക്കൾ എങ്കിലും കോൺഗ്രസിലുണ്ട്.സാധാരണ പ്രവർത്തകരെ നിരാശരാക്കുന്ന ഒന്നും ഉണ്ടാകാൻ പാടില്ല. അതിനു വിരുദ്ധമായി ഒറ്റപ്പെട്ട ഏതെങ്കിലും ശബ്ദം ഉണ്ടായാൽ അതിന് പിന്തുണ ഉണ്ടാകരുത്. മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന് പറയാൻ സിപിഎമ്മിന് തന്നെ നാണമാണ്. കോഴിക്കോട് വാർഡ് വിഭജിച്ച് ബിജെപിക്ക് വിജയം ഉണ്ടാക്കി കൊടുത്തത് പിണറായി വിജയനാണ്. നേതാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കൂട്ടുകെട്ട് ഉണ്ടാക്കി രണ്ട് പാർട്ടികളും അണികളെ ചതിച്ചു. വ്യക്തിപരമായ പ്രശ്നങ്ങൾ ഉന്നയിക്കാൻ ക്യാമ്പ് വേദി ആകരുതെന്നും തെരഞ്ഞെടുപ്പ് വിജയം മാത്രം ആകണം ലക്ഷ്യമെന്നും കെസി വേണുഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ മുൻതൂക്കം നിയമസഭാ തെരഞ്ഞെടുപ്പിലും ആഗ്രഹിച്ച് കോൺഗ്രസ്, അതിനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് വയനാട്ടിൽ രണ്ടുദിവസത്തെ നേതൃ സമ്മേളനം ചേരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam