രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും; ഇന്നും ബിജെപി പ്രതിഷേധം, ട്രോളി അജയ് തറയിൽ

Published : Aug 23, 2025, 10:22 PM IST
rahul mamkoottathil

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും.

പാലക്കാട്: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും. രാഹുൽ രാജിവെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് വികെ ശ്രീകൃഷ്ണൻ്റെ അഭിപ്രായം. മറ്റു പ്രസ്ഥാനങ്ങൾക്ക് മാതൃകയാവാൻ കോൺഗ്രസിന് കഴിയണം. കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുലിലൂടെ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എംഎൽഎ സ്ഥാനം രാജിവെച്ച് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുന്ന രാഹുലാണ് കോൺഗ്രസിനും ഈ രാജ്യത്തിനും ആവശ്യമെന്നും വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതേസമയം, പാലക്കാട് നഗരത്തിൽ രാഹുലിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതീകാത്മകമായി രാഹുലിനെ ബിജെപി വനിതാ പ്രവർത്തകർ ചങ്ങലയ്ക്കിട്ട് വലിച്ചു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതിനിടെ, വിവാദങ്ങൾക്കിടെ ട്രോൾ പോസ്റ്റുമായി കോൺഗ്രസ് നേതാവ് അജയ് തറയിലും രം​ഗത്തെത്തി. ഖദർ ഒരു " discipline" ആണെന്ന തലക്കെട്ടോടെ ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വിൽപന ഓർമപ്പെടുത്തിയാണ് പോസ്റ്റ്. പുതുതലമുറ കോൺഗ്രസ് നേതാക്കൾ ഖദർ ഉപയോഗിക്കാത്തതിനെ അജയ് തറയിൽ വിമർശിച്ചിരുന്നു. ഈ വിമർശനത്തിൻ്റെ പേരിൽ അജയ് തറയിൽ സൈബർ ആക്രമണത്തിന് വിധേയനായിരുന്നു.

അതേസമയം, രാഹുലിൻ്റെ രാജിയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ഭിന്നാഭിപ്രായമാണുള്ളത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ സ്ഥാനത്തിലും രാജി ആവശ്യം ശക്തമാകുമ്പോൾ കോൺഗ്രസിൽ പ്രശ്നം രൂക്ഷമാകുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റു ചില നേതാക്കളും രാഹുലിന്‍റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പിൽ എംപി സംരക്ഷണം തീർക്കുകയും ചെയ്തു. രാജി എന്തിനെന്ന ചോദ്യമാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉയർത്തുന്നത്. ഇതോടെ കോൺഗ്രസിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.

വിശദ വിവരങ്ങൾ

പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാഹുലിനെ എംഎൽഎ സ്ഥാനം രാജിവെപ്പിക്കാൻ വിഡി സതീശൻ നീക്കം നടത്തുമ്പോൾ അനുവദിക്കുന്നില്ല എന്നുള്ള പരസ്യ പ്രസ്താവനയാണ് ഇന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി പറയാറുള്ള ഷാഫി പറമ്പിൽ പക്ഷേ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു. രാഹുലും താനും തമ്മിലുള്ള കൂട്ടുകെട്ട് പാർട്ടിയുടെ പ്രതിച്ഛായയേക്കാൾ വലുതാണ് എന്ന സൂചന നൽകാനാണ് ഷാഫി ശ്രമിച്ചത്. ഒരു ഗൗരവമുള്ള വിഷയമാണ് നടന്നത് എന്ന് പോലും അംഗീകരിക്കാൻ ഷാഫി മടികാട്ടുന്നതും കാണാമായിരുന്നു. രാജിയുടെ ചോദ്യം ഉദിക്കുന്നില്ല എന്നാണ് രാഹുൽ മങ്കൂട്ടത്തിൽ അറിയിക്കുന്നത്. അങ്ങനെ രാജിവെക്കാൻ ഒരുക്കമല്ല എന്ന് രാഹുൽ നിലപാടെടുക്കുന്നത് ഷാഫിയുടെ കൂടി പിന്തുണയുടെ ബലത്തിലാണെന്ന് സാരം. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കൾ തന്ത്രപരമായ സമീപനം സ്വീകരിക്കുമ്പോൾ ദീപ ദാസ് മുൻഷി ഇനി നടപടികൾ ഉണ്ടാകില്ല എന്ന സൂചനയാണ് നൽകുന്നത്. ചുരുക്കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്കാര്യം പാർട്ടിക്കകത്ത് ഒരു തർക്കവിഷയമായി മാറുകയാണ്. സി പി എമ്മിനെ പ്രീണിപ്പെടുത്താനാണ് സതീശൻ ശ്രമിക്കുന്നത് എന്ന വാദം ഉയർത്തിക്കൊണ്ടു വരാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വരെ വിഷയം നീട്ടിക്കൊണ്ട് പോയാൽ പാലക്കാട് മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫിന് തലവേദന ഉണ്ടാകുമെന്നാണ് മറുഭാഗത്തിന്റെ വിലയിരുത്തൽ.

സംരക്ഷിച്ചു വളര്‍ത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരസ്യമായി കൈവിട്ടത്. വിശ്വസിച്ചു കൊണ്ടു നടന്ന യുവനേതാവിനെതിരെ നിര നിരയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്‍റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശൻ. നൽകിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്‍റെ ടീമിൽ വേണ്ടെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷ നേതാവ് മാറിയെന്ന് സാരം. രാഹുലിനെ സംരക്ഷിച്ചെന്ന വിമര്‍ശനം പാര്‍ട്ടിയിൽ ശക്തമാകുമ്പോഴാണ് യുവനേതാവിനെ സതീശൻ പരസ്യമായി കൈവിട്ടത്. എംഎൽഎ സ്ഥാനം രാജിവച്ചാൽ എതിരാളികളുടെ വായടപ്പിച്ച് പാര്‍ട്ടിക്ക് മുന്നേറാമെന്നാണ് കണക്കു കൂട്ടൽ. സാങ്കേതികത്വം പറഞ്ഞു നിന്നാൽ കൂടുതൽ കുഴപ്പത്തിലേയ്ക്കും നാണക്കേടിലേയ്ക്കും പാര്‍ട്ടി പോകുമെന്നും പ്രതിപക്ഷ നേതാവ് വിലയിരുത്തുന്നു. രാഹുൽ വിഷയം അടിമുടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. അതിൽ നിന്ന് പുറത്ത് കടന്ന് മുന്നേറാൻ എം എൽ എ സ്ഥാനത്ത് നിന്ന് രാജി കൊണ്ടേ കഴിയൂവെന്ന വാദമാണ് സതീശനടക്കമുള്ളവർ മുന്നോട്ട് വയ്ക്കുന്നത്. അത് നിയമസഭയിലും പുറത്തും പാര്‍ട്ടിക്ക് എതിരാളികളെ തിരിച്ചടിക്കാനുള്ള നല്ല ആയുധമാകുമെന്നാണ് ഇവരുടെ പക്ഷം. എന്തായാലും രാജിയുണ്ടാകുമോ എന്നത് കണ്ടറിയണം.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം