
സുൽത്താൻ ബത്തേരി: കേരളത്തിന്‍റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്‍ഫോം ഉയരുമെന്നും വിഡി സതീശൻ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടതുപക്ഷത്തിന്‍റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്‍ഫോമിലെത്തും . തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്‍റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം വെച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണ്. മുഖ്യമന്ത്രി ആര് എന്നത് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കും. അതിൽ ഒരാളുപോലും തർക്കിക്കില്ലെന്നും പാർട്ടിക്ക് നേതാക്കളുടെ ഒരു വലിയ നിര തന്നെ ഉണ്ടെന്നും അതുകൊണ്ടാണ് ഈ പ്രചാരണമെന്നും വിഡി സതീശൻ പറഞ്ഞു. എൽഡിഎഫ് ശിഥിലമായിരിക്കുകയാണെന്നും കെപിസിസി ടീമിന് ചരിത്ര നിയോഗമാണിതെന്നും കേരളത്തിലെ ജനങ്ങളോട് നീതി പുലര്‍ത്തുമെന്നും വിഡി സതീശൻ പറഞ്ഞു. പ്രസംഗത്തിനുശേഷം നേതാക്കൾ ഒന്നാകെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അഭിനന്ദിച്ചു.
നേതൃക്യാമ്പിൽ പ്രതിപക്ഷ നേതാവ് മിഷൻ- 2026 അവതരിപ്പിച്ചു. 2001ലെ മഹാ വിജയത്തിലേക്ക് യുഡിഎഫ് മടങ്ങണമെന്നാണ് മിഷൻ 2026ലുള്ളത്. അകന്നു പോയ ക്രിസ്ത്യൻ വിഭാഗങ്ങൾ യുഡിഎഫിലേക്ക് തിരിച്ചുവന്നുവെന്നും മുസ്ലിം സമുദായം യുഡിഎഫിലേക്ക് കൂടുതൽ അടുത്തുവെന്നും മിഷൻ 2026ൽ പറയുന്നു. ക്രിസ്ത്യൻ സഭകളിലേക്ക് കടന്നുകയറാനുള്ള ബിജെപി ശ്രമം തടയാൻ കഴിഞ്ഞുവെന്നും ശബരിമല സ്വര്‍ണക്കൊള്ള ഹൈന്ദവ വോട്ടുകളെ അനുകൂലമാക്കിയെന്നും എൽഡിഎഫ് നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് അടുത്തകാലത്തൊന്നും കരകയറില്ലെന്നും മിഷൻ-2026ൽ പറയുന്നു. സ്വര്‍ണക്കൊള്ളയിൽ കൂടുതൽ സിപിഎം നേതാക്കളടെ പങ്കുപുറത്തുവരുമെന്നും വയനാട് സുൽത്താൻ ബത്തേരിയിൽ സമാപിച്ച നേതൃക്യാമ്പിൽ വിഡി സതീശൻ അവതരിപ്പിച്ച മിഷൻ 2026ൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam