
തിരുവനന്തപുരം: കേരളത്തിലെ സംഘടനാ പ്രശ്നത്തിൽ അതൃപ്തി അറിയിച്ച് എഐസിസി (AICC) ജനറൽ സെക്രട്ടറി താരീഖ് അൻവർ (tariq anwar). അത്യപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കേരളത്തിലെ പുതിയ നേതൃത്വത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതാണെന്നും മുതിർന്ന നേതാക്കളെയടക്കം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയണമെന്നും താരീഖ് അൻവർ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയതായാണ് വിവരം.
അതേ സമയം താരിഖ് അൻവർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച വി എം സുധീരനുമായി ( v m sudheeran) നടത്താനിരുന്ന കൂടിക്കാഴ്ചയും മാറ്റിവെച്ചു. വൈകിട്ട് ആറുമണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ജനറൽ സെക്രട്ടറി തന്നെ കൂടിക്കാഴ്ച മാറ്റിവെക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. ഇതോടൊപ്പം മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്താനിരുന്ന കൂടിക്കാഴ്ചയും മാറ്റിവെച്ചു.
കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കെപിസിസി മുൻ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ചത്. കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരന്‍റെ രാജി. സുധീരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല.
കെപിസിസി നേതൃത്വത്തിന്‍റെ നീക്കങ്ങള്‍ എല്ലാം തള്ളി രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് സുധീരന്‍. നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചു. പുതിയ നേതൃത്വം സുവർണ്ണാവസരം കളഞ്ഞുകുളിച്ചുവെന്ന വിമർശനം സുധീരൻ സതീശനെ അറിയിച്ചതല്ലാതെ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചയാണ് അദ്ദേഹം നല്‍കിയത്. എന്നാലും സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരാനാണ് നേതൃത്വത്തിന്‍റെ നീക്കം.
പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് പ്രതിഷേധമുണ്ട്. കെസി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് സുധീരന്റെ പരാതി. ഹൈക്കമാൻഡിനെ നേരിട്ട വിമർശിക്കാതെ വേണുഗോപാലുമായി നല്ല ബന്ധം പുലർത്തുന്ന സംസ്ഥാന നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുകയാണ് സുധീരൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam