Asianet News MalayalamAsianet News Malayalam

വീട്ടിലെത്തി ക്ഷമ ചോദിച്ച് സതീശന്‍, കുറ്റപ്പെടുത്തി സുധാകരന്‍; അടുക്കാതെ സുധീരന്‍, വെട്ടിലായി കോണ്‍ഗ്രസ്

നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചു. പുതിയ നേതൃത്വം സുവർണ്ണാവസരം കളഞ്ഞുകുളിച്ചുവെന്ന വിമർശനം സുധീരൻ സതീശനെ അറിയിച്ചതല്ലാതെ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചയാണ് അദ്ദേഹം നല്‍കിയത്.

V M Sudheeran resignation v d satheeshan and  ks sudhakaran latest response
Author
Thiruvananthapuram, First Published Sep 26, 2021, 5:18 PM IST

തിരുവന്തപുരം: കെപിസിസി (KPCC) രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് കടുത്ത അതൃപ്തി രേഖപ്പെടുത്തി രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരനെ (V M Sudheeran) അനുനയിപ്പിക്കാനുള്ള നീക്കങ്ങളില്‍ പരാജയപ്പെട്ട് നേതൃത്വം. കെപിസിസി നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങള്‍ എല്ലാം തള്ളി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍. നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചു.

പുതിയ നേതൃത്വം സുവർണ്ണാവസരം കളഞ്ഞുകുളിച്ചുവെന്ന വിമർശനം സുധീരൻ സതീശനെ (V D Satheesan) അറിയിച്ചതല്ലാതെ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചയാണ് അദ്ദേഹം നല്‍കിയത്. എന്നാലും സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരാനാണ് നേതൃത്വത്തിന്‍റെ നീക്കം. വി എം സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടിയും (Oommen Chandy) നേതൃത്വത്തോട് ആവശ്യപ്പെട്ട് കഴിഞ്ഞു.

സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണം. സുധീരൻ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, വി എം സുധീരന് അഭിപ്രായം പറയാന്‍ അവസരം നൽകിയെങ്കിലും അത് വിനിയോഗിച്ചില്ലെന്നുള്ള വിമര്‍ശനമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഏറ്റവുമൊടുവില്‍ ഉന്നയിച്ചത്.  സുധീരന്‍റെ വീട്ടിൽ പോയി ക്ഷമ പറഞ്ഞയാളാണ് താൻ. സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി പുനസംഘടനാ ചർച്ച അന്തിമഘട്ടത്തിലെത്തി നിൽക്കെയുള്ള സുധീരന്‍റെ രാജിയില്‍ ശരിക്കും നേതൃത്വം വെട്ടിലായ അവസ്ഥയാണ്. നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരോടുള്ള കടുത്ത നിലപാട് മാറ്റി സംസ്ഥാന നേതൃത്വം അനുനയത്തിന് തയ്യാറായിട്ടും ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാത്തതാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്ന സുധീരന്‍റെ പരാതിയിൽ സതീശൻ നേരിട്ടെത്തി ക്ഷമ ചോദിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിട്ടും പാറപോലെ ഉറച്ച് നില്‍ക്കുകയാണ് സുധീരന്‍.  

പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല സുധീരന് അതൃപ്തിയുള്ളത്. ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് കടുത്ത അമര്‍ഷമുണ്ട്. കെസി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. ഹൈക്കമാൻഡിനെ നേരിട്ട് വിമർശിക്കാതെ വേണുഗോപാലുമായി നല്ല ബന്ധം പുലർത്തുന്ന സംസ്ഥാന നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുകയാണ് സുധീരന്‍.  

സംസ്ഥാന നേതൃത്വത്തോട് അടുപ്പമുള്ള രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ രാജി, കാര്യമാക്കേണ്ടെന്ന നിലപാടിലാണ്. പക്ഷേ പാർട്ടി വിട്ടവരും ഉടക്കിനിൽക്കുന്ന മുതിർന്നവരുമെല്ലാം പുതിയ നേതൃത്വത്തെ സംശയത്തിന്‍റെ നിഴലിലാക്കുന്നതിനാൽ സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം കെപിസിസി തുടരാന്‍ തന്നെയാണ് സാധ്യതകള്‍. 

Follow Us:
Download App:
  • android
  • ios