
തിരുവനന്തപുരം: ഡിസിസി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാക്കളെ ഒപ്പം നിർത്താൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. കെപിസിസി പുനഃ സംഘടനയിൽ ഈ ആഴ്ച വിശദമായ ചർച്ച നടത്തും. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചർച്ച നടത്തും. യുഡിഎഫ് യോഗത്തിലും ഇരുവരും പങ്കെടുത്തേക്കുമെന്നാണ് വിവരം. നേരത്തെ ഡിസിസി അധ്യക്ഷപ്പട്ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനനേതൃത്വത്തിനെതിരെ ഇരുനേതാക്കളും പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
പുനസംഘടനയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണം നടക്കുകയാണ്. ആറ് ജില്ലകളിൽ അധ്യക്ഷൻമാരാണ് ഇന്ന് ചുമതലയേൽക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാർ ഇന്ന് ചുമതല ഏൽക്കുന്നത്. പാലക്കാട് എ. തങ്കപ്പൻ, പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിൽ എന്നിവർ ചുമതലയേറ്റു.
പ്രവർത്തകരെ വിശ്വാസമുള്ളതിനാൽ ആരെയും പേടിയില്ലെന്നും അനുരഞ്ജനത്തിലൂടെ എല്ലാവരേയും ഒപ്പം കൊണ്ടുവരുമെന്നും തങ്കപ്പൻ ചുമതലയേറ്റ ശേഷം പറഞ്ഞു. പാർട്ടിയെ ചിട്ടയോടെ നയിക്കാൻ പുതിയ ഡിസിസി പ്രസിഡന്റിന് സാധിക്കുമെന്നും എല്ലാ തർക്കങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പത്തനം തിട്ടയിൽ സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കവേ പിജെ കുര്യനും പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona