
തിരുവനന്തപുരം: വകുപ്പിനെ ചൊല്ലി ഇടഞ്ഞ കെ മുരളീധരനെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസിന്‍റെ ഒത്തുതീർപ്പ്. മുരളിക്ക് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വവും കൂടി നൽകാമെന്നാണ് ഒത്തുതീർപ്പ് ഫോര്‍മുല. എന്നാല്‍, ഇതിനോട് മുരളി സമ്മതം മൂളുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് ലഭിച്ച കെ മുരളീധരൻ കടുത്ത അതൃപ്തിയിലാണ്. വകുപ്പിൽ എതിർപ്പ് അറിയിച്ച മുരളീധരൻ വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം.
നേരത്തെ ആരോഗ്യ വകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകൾ കെ സി വേണുഗോപാൽ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്. കെ സി വേണുഗോപാൽ വിഭാഗത്തിന്റെ ഭാഗമായ എ.പി. അനിൽകുമാറിനാണ് ആരോഗ്യം ലഭിച്ചിരിക്കുന്നത്. 2004-ൽ എ കെ ആന്റണി മന്ത്രിസഭയിലും മുരളീധരൻ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. വീണ്ടും അതേ വകുപ്പ് തന്നെ നൽകിയതിലാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചത്.
പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിർണായകമായ ആഭ്യന്തര, വിജിലൻസ് വകുപ്പുകളാണ് നൽകിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ മന്ത്രിയായും, കെ. മുരളീധരൻ വൈദ്യുതി മന്ത്രിയായും ചുമതലയേൽക്കും. പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), എ.പി. അനിൽകുമാർ (ആരോഗ്യം), ടി. സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ ശിശു ക്ഷേമം), എം. ലിജു (എക്‌സൈസ്, സഹകരണം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം), കെ.എ. തുളസി, റോജി എം ജോൺ എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മറ്റ് മന്ത്രിമാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam