
തൃശ്ശൂര്‍ /ആലപ്പുഴ: കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥിപ്പട്ടികയിലെ സർപ്രൈസ് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തൃശൂരിലും ആലപ്പുഴയിലും പോസ്റ്ററുകൾ. ആലപ്പുഴയിൽ മാരാരിക്കുളത്താണ് കെസി വേണുഗോപാലിനായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'കെ സി നാടിനൊപ്പം നാട് കെസിക്കൊപ്പമെന്നാണ് പോസ്റ്റര്‍. ഔദ്യോഗിക പ്രഖ്യാപനത്തിനും മുന്നേ കെസിയെ സ്വീകരിക്കാനൊരുങ്ങുകയാണ് ആലപ്പുഴയിലെ പ്രവര്‍ത്തകര്‍.
തൃശ്ശൂരിലും സ്ഥാനാർഥിയായി കെ.മുരളീധരനെത്തും മുമ്പ് കോൺഗ്രസ് ചുവരെഴുതി സ്വാഗതം ചെയ്യുകയാണ്. തളിക്കുളത്തെ വീടിന് മുന്നിൽ പ്രതാപനും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും പൂച്ചട്ടിയിയിൽ യുഡിഎഫ് ചെയർമാനും മുരളിക്കായി ചുവരെഴുതി. മുരളിയുടെ ഡ്രൈവിങ് സീറ്റിൽ താനുണ്ടാകുമെന്നും ജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ടി എൻ പ്രതാപനും വ്യക്തമാക്കി.
ഇന്നലെ രാത്രി തന്നെ തൃശൂരിലെ കോൺഗ്രസ് ചുവരെഴുത്ത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതാപന്റെ പേര് മായിച്ചു മുരളിയുടെ പേര് കോൺഗ്രസ് എഴുതിത്തുടങ്ങിയിരുന്നു. തളിക്കുളത്തെ വീടിന് സമീപത്തും ഡിസിസിയിലും ടിഎൻ പ്രതാപനും ജോസ് വള്ളൂരും മുരളിയുടെ പേരെഴുതി. പ്രതാപനോട് അഭിപ്രായ ഭിന്നതയുടെ പേരിൽ വിഘടിച്ചു നിന്ന നേതാക്കൾ പോലും മുരളിക്കായി ചുവരെഴുതാനിറങ്ങിയത് പാർട്ടി തിരുത്ത് തൃശൂരിൽ ഫലം കാണുന്നതിന്റെ സൂചനയായി വിലയിരുത്തപെടുന്നു. തുടക്കം മുതൽ തന്നെ നിയമ സഭയിലേക്ക് താത്പര്യം പ്രകടിപ്പിച്ച് നിന്ന പ്രതാപനും സ്ഥാനാര്‍ത്ഥിയെ മാറ്റാനുളള തീരുമാനത്തിൽ തൃപ്തനാണ്.
പാർലമെന്റിലേക്ക് വി വി രാഘവനോടും നിയമസഭയിലേക്ക് എ.സി. മൊയ്തീനോടും തോറ്റ മുരളീധരനല്ല തൃശൂരെത്തുന്നതെന്ന് കോൺഗ്രസ് ക്യാമ്പ്. നേമത്ത് ബി ജെ പി യുടെ അക്കൗണ്ട് പൂട്ടിച്ച മുരളീധരൻ തൃശൂരിലുമതാവർത്തിക്കുമെന്ന് കോൺഗ്രസുകാർ വിശ്വസിക്കുന്നു. പത്മജ യോട് നിയമസഭയിലേറ്റുമുട്ടിയ സുരേഷ് ഗോപി സഹോദരനോട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊമ്പുകോർക്കുന്നതും അപൂർവ്വത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam